'മത്സരിക്കാനില്ല, പാർട്ടിക്ക് നല്ല ഭാവി നേരുന്നു'; തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് അണ്ണാമലൈ
സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെെടുപ്പ് നടക്കാനിരിക്കെയാണ് അണ്ണാമലൈ പുറത്തേക്ക് പോവുന്നത്.
ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെ. അണ്ണാമലൈ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അണ്ണാമലൈ പറഞ്ഞു. പാർട്ടിയുടെ പുതിയ പ്രസിഡന്റിനെ സംയുക്തമായി തെരഞ്ഞെടുക്കുമെന്നും ആ സ്ഥാനത്തേക്കുള്ള മത്സരത്തിൽ താനില്ലെന്നും അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെെടുപ്പ് നടക്കാനിരിക്കെയാണ് അണ്ണാമലൈ പുറത്തേക്ക് പോവുന്നത്.
എഐഎഡിഎംകെയുടെ മുൻ നേതാക്കൾക്കെതിരായ അണ്ണാമലൈയുടെ പരാമർശങ്ങൾക്കു പിന്നാലെ അവർ ബിജെപിയുമായി വേർപിരിയുകയും ഇപ്പോൾ വീണ്ടും സഖ്യ ചർച്ചകൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് സ്ഥാനമൊഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. അണ്ണാമലൈയോടുള്ള എതിർപ്പ് മൂലമായിരുന്നു എഐഎഡിഎംകെ നേരത്തെ സഖ്യം വിട്ടത്.
'പാർട്ടിക്ക് ശോഭനമായ ഒരു ഭാവി ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ പാർട്ടിയുടെ വളർച്ചയ്ക്കായി പലരും ജീവൻ നൽകിയിട്ടുണ്ട്. പാർട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. അടുത്ത അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് ഞാനില്ല. ഒരു രാഷ്ട്രീയ ഊഹാപോഹങ്ങൾക്കും ഞാൻ മറുപടി നൽകില്ല'- കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു.
എഐഎഡിഎംകെയുമായുള്ള ബിജെപിയുടെ സഖ്യം സംബന്ധിച്ച് അടുത്തിടെ അണ്ണാമലൈ നിലപാട് മയപ്പെടുത്തിയിരുന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അണ്ണാമലൈയുടെ നിലപാടിൽ മാറ്റം വന്നത്. അവരുമായി ആഭ്യന്തരമന്ത്രി സംസാരിച്ചിട്ടുണ്ട്. ദയവായി അദ്ദേഹത്തിന്റെ പ്രതികരണമാണ് ഈ വിഷയത്തിൽ അന്തിമവാക്ക്"- എന്നായിരുന്നു ഇതുസംബന്ധിച്ച് നേരത്തെ അണ്ണാമലൈയുടെ പ്രതികരണം.
2023ൽ മുൻ മുഖ്യമന്ത്രി ജയലളിത, മുൻ എംപി സി.എൻ അണ്ണാദുരൈ തുടങ്ങിയവർക്കെതിരായ അണ്ണാമലൈ നടത്തിയ അധിക്ഷേപ പരാമർശങ്ങളുടെ പേരിലാണ് എഐഎഡിഎംകെ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. അണ്ണാമലൈക്കെതിരെ രൂക്ഷവിമർശനുമായി എഐഎഡിഎംകെ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
തുടർന്ന് 2024ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. തമിഴ്‌നാട്ടിൽ ഒരു സീറ്റ് പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ദേശീയ തലത്തിലെ പുനഃസംഘടനയുടെ ഭാഗമായി കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. അണ്ണാമലൈ രാജിവച്ചാൽ തിരുനെൽവേലി എംഎൽഎ നൈനാർ നാഗേന്ദ്ര അടക്കമുള്ളവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നതായാണ് വിവരം.