കാക്കിയിട്ട് റീൽസ്, ഇൻസ്റ്റഗ്രാമിൽ താരം; ഒടുവിൽ ഹെറോയിനുമായി പിടിയിലായി പഞ്ചാബിലെ വനിതാ കോൺസ്റ്റബിൾ
'പൊലീസ് കൗർദീപ്' എന്ന ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 42,000ലേറെ ഫോളോവേഴ്സുണ്ട്.
ചണ്ഡീഗഢ്: പഞ്ചാബിൽ ഹെറോയിനുമായി പൊലീസുകാരി പിടിയിൽ. ബതിന്ദ പൊലീസ് ലൈനിലെ മൻസ സ്റ്റേഷനിലെ കോൺസ്റ്റബിളും റീൽസ് താരവുമായ അമൻദീപ് കൗറാണ് 17.71 ഗ്രാം ഹെറോയിനുമായി പിടിയിലായത്. അറസ്റ്റിനു പിന്നാലെ കൗറിനെ പൊലീസ് സേനയിൽനിന്ന് പിരിച്ചുവിട്ടു.
കഴിഞ്ഞദിവസം പഞ്ചാബ് സർക്കാരിന്റെ ലഹരി വിരുദ്ധ ഓപറേഷന്റെ ഭാഗമായി ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ബതിന്ദയിലെ ബദൽ ഫ്ലൈഓവറിൽ നിന്നാണ് കൗറും കൂട്ടാളിയും പിടിയിലായതെന്ന് ഡിവൈഎസ്പി ഹർബൻസ് സിങ് പറഞ്ഞു.
'ബദൽ ഫ്ലൈഓവറിൽ ഞങ്ങൾ പരിശോധനയിലായിരുന്നു. ഇതിനിടെ, ഞങ്ങളൊരു മഹീന്ദ്ര ഥാർ തടയുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തു. അമൻദീപായിരുന്നു വാഹനമോടിച്ചിരുന്നത്. അവർക്കൊപ്പം ജശ്വന്ത് സിങ് എന്നയാളുമുണ്ടായിരുന്നു. വാഹനം പരിശോധിച്ചപ്പോൾ അതിൽ നിന്ന് 17.71 ഗ്രാം ഹെറോയിൻ കണ്ടെത്തി'- ഹർബൻസ് സിങ് വ്യക്തമാക്കി.
'ബതിന്ദ പൊലീസ് ലൈനിന്റെ ഭാഗമായ മൻസ സ്റ്റേഷനിലായിരുന്നു കൗർ സേവനമനുഷ്ടിച്ചിരുന്നത്. നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് കൗറിനും കൂട്ടാളിക്കുമെതിരെ ചുമത്തിയിരിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേർത്തു. കൗറിന് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
സോഷ്യൽമീഡിയ താരം കൂടിയാണ് പിടിയിലായ അമൻദീപ് കൗർ. 'പൊലീസ് കൗർദീപ്' എന്ന ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 42,000ലേറെ ഫോളോവേഴ്സുണ്ട്. കാക്കിയിട്ടും മറ്റും റീൽസുകൾ ചെയ്യുന്ന ഇവർ, പഞ്ചാബി ഗാനങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ ഥാറിനൊപ്പവും വീഡിയോകൾ ചെയ്യുന്നത് പതിവാണ്.
പൊലീസ് യൂണീഫോമിൽ റോഡരികിലിരുന്ന് ചീര അരിയുന്ന വീഡിയോയടക്കം നിരവധി വീഡിയോകളാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. യൂണിഫോമിൽ വീഡിയോ കണ്ടന്റുകൾ ചെയ്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുണ്ടായിരിക്കെയാണ് ഇവർ പൊലീസ് വേഷത്തിൽ റീലുകൾ പോസ്റ്റ് ചെയ്തിരുന്നത്.
അതേസമയം, കൗറിന്റെ ആഡംബര ജീവിതശൈലിയെ ചോദ്യം ചെയ്ത് ഗുർമീത് കൗർ എന്ന സ്ത്രീ നേരത്തെ രംഗത്തെത്തിയിരുന്നു. പൊലീസുകാരിക്ക് രണ്ട് കോടി രൂപ വിലമതിക്കുന്ന ഒരു വീടും രണ്ട് കാറുകളും ഒരു ലക്ഷം വിലമതിക്കുന്ന വാച്ചും ഉണ്ടെന്നും ഗുർമീത് കൗർ ആരോപിച്ചിരുന്നു.
ഹെറോയിൻ വിൽക്കാൻ കൗറും ആംബുലൻസ് ഡ്രൈവറായ ഭർത്താവ് ബൽവീന്ദർ സിങ്ങും ആംബുലൻസ് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഗുർമീത് കൗർ ആരോപിച്ചിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.