മഹാരാഷ്ട്രയിൽ ട്രാക്ടർ ട്രോളി കിണറ്റിൽ വീണ് ഏഴ് സ്ത്രീ കർഷകത്തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൃഷിയിടത്തിൽ മഞ്ഞൾ വിളവെടുക്കാൻ പോയ സ്ത്രീകളായിരുന്നു ഇവർ.
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ട്രാക്ടർ ട്രോളി കിണറ്റിൽ വീണ് ഏഴ് സ്ത്രീ കർഷകത്തൊഴിലാളികൾ മരിച്ചു. മൂന്ന് പേരെ രക്ഷപെടുത്തി. മരിച്ചവരിൽ രണ്ട് പേർക്ക് 18 വയസ് മാത്രമാണ് പ്രായം.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ലിംബ്ഗോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ അസെഗാവ് ഗ്രാമത്തിലാണ് സംഭവം. വാഹനം റോഡിൽ നിന്ന് തെന്നിമാറി വെള്ളം നിറഞ്ഞ കിണറ്റിലേക്ക് വീഴുകയായിരുന്നെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രവീൺ ടകെ പറഞ്ഞു.
പൊലീസും പ്രാദേശിക ഭരണകൂടവും ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയും കിണറ്റിലെ വെള്ളം പമ്പ് ചെയ്തുകളയുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ഏഴ് പേർ മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ കിണറിൽനിന്ന് പുറത്തെടുത്തതായും അദ്ദേഹം പറഞ്ഞു.
താരാഭായ് സത്വാജി ജാദവ് (35), ധ്രുപത സത്വാജി ജാദവ് (18), സരസ്വതി ലഖൻ ബുറാദ് (25), സിമ്രാൻ സന്തോഷ് കാംബ്ലെ (18), ചൈത്രാഭായ് മാധവ് പർധെ (45), ജ്യോതി ഇറാബാജി സരോദെ (35), സ്വപ്ന തുക്കാറാം റാവുത്ത് (25) എന്നിവരാണ് മരിച്ചത്. പാർവതിഭായ് ബുറാദ് (35), പുർഭായ് കാംബ്ലെ (40), സത്വാജി ജാദവ് (55) എന്നീ തൊഴിലാളികളെയാണ് രക്ഷപെടുത്തിയത്.
'കൃഷിയിടത്തിൽ മഞ്ഞൾ വിളവെടുക്കാൻ പോയ സ്ത്രീകളായിരുന്നു ഇവർ. ഹിംഗോളി ജില്ലയിലെ വാസ്മത് തഹ്‌സിലിനു കീഴിലുള്ള ഗുഞ്ച് ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു മരിച്ചവരെല്ലാം'- ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മോദി പറഞ്ഞു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. മരിച്ച ഓരോരുത്തരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.