Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ജബൽപൂരിൽ ക്രിസ്ത്യാനികൾക്കെതിരായ വിഎച്ച്പിയുടെ അക്രമത്തിൽ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. മലയാളി വൈദികരെ അടക്കം ആക്രമിച്ച സംഭവത്തിലാണ് കേസ്. അക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി.
2025 ജൂബിലി വര്‍ഷത്തിന്‍റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഈ അതിക്രമം നടന്നത്. നാല് ദിവസത്തിന് ശേഷം എഫ്‌ഐആര്‍ ഇട്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.
അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്‌രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് പരാതി. ജബൽപൂരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞു സഹായത്തിനെത്തിയ വൈദികസംഘമാണ് ആക്രമിക്കപ്പെട്ടതെന്നും ജബൽപൂർ എസ്പിക്ക് ഫാ. ജോർജ് തോമസ് പരാതി നൽകിയിരുന്നു.