പരിസ്ഥിതിക്കായി ഹൈദരാബാദ് സർവകലാശാലയിൽ ഉയരുന്ന പ്രതിഷേധ സ്വരങ്ങൾ

ഹൈദരാബാദിന്റെ കണ്ണായ മേഖലയിൽ 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിക്കുന്ന സർക്കാർ നടപടിക്കെതിരെ വിദ്യാർഥികൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിഷേധത്തിലാണ്. വിഷയം കോടതിയിലാണെന്നിരിക്കെയും സർക്കാർ അവരുടെ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം സുപ്രീംകോടതി താത്കാലിക സ്റ്റേ പുറപ്പെടുവിച്ചിരുന്നു.

Update: 2025-04-04 12:51 GMT
Advertising

ഇന്ത്യയിലെ പേരുകേട്ട ഹൈദരാബാദ് സർവകലാശാലയിൽ വിദ്യാർഥികൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിഷേധത്തിലാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന തെലങ്കാന സർക്കാരിനെതിരെയാണ് അവരുടെ പോരാട്ടം. പരിസ്ഥിതിക്ക് വേണ്ടിയാണ് അവർ നിലകൊള്ളുന്നത്. സർവകലാശാലയ്ക്ക് അനുവദിക്കപ്പെട്ടിരുന്ന 400 ഏക്കർ ഭൂമിയിൽ നിറഞ്ഞുനിൽക്കുന്ന വനപ്രദേശം വെട്ടിത്തെളിച്ച് അവിടം ഐ ടി പാർക്കാക്കാൻ തീരുമാനമെടുത്തതോടെയാണ് വിദ്യാർഥികൾ തെരുവിലേക്കിറങ്ങിയത്. ജൈവവൈവിധ്യങ്ങൾ തകർക്കുന്നതിനെതിരെ ജനാധിപത്യമാർഗത്തിലുള്ള ചെറുത്തുനിൽപ്പിനെ സർക്കാർ നേരിടുന്നത് വിദ്യാർത്ഥികളെ അവഹേളിച്ചും ബലം പ്രയോഗിച്ചുമാണ്.

സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നു

 

രാജ്യത്തെ പരമോന്നത കോടതിയിലെത്തി നിൽക്കുന്ന വിഷയത്തിൽ, വിദ്യാർഥികൾക്ക് ആശ്വാസമെന്ന നിലയിൽ താത്കാലിക സ്റ്റേ ലഭിച്ചിട്ടുണ്ട്.. ഏപ്രിൽ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ, അടുത്തെയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഒരുമരം പോലും കാഞ്ച ഗച്ചിബൗളിയിൽ വീഴാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. ഹൈദരാബാദിന്റെ കണ്ണായ മേഖലയിൽ 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിക്കുന്ന സർക്കാർ നടപടിക്കെതിരെ വിദ്യാർഥികൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിഷേധത്തിലാണ്. വിഷയം കോടതിയിലാണെന്നിരിക്കെയും സർക്കാർ അവരുടെ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ആശ്വാസമെന്ന നിലയിൽ താത്കാലിക സ്റ്റേ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. വെട്ടിമാറ്റപ്പെട്ടത് ഹൈദരാബാദ് നഗരത്തിന്റെ ജീവനാഡിയാണെന്നാണ് സർവകലാശാലയിലെ രണ്ടാംവർഷ എം എ വിദ്യാർത്ഥി ദിവ്യ മാർകീജ മീഡിയ വണ്ണിനോട് പ്രതികരിച്ചത്.

"ഗച്ചി ബൗളിയിലെ വനം നശിപ്പിക്കുന്നതിനെതിരെ വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയും സർക്കാർ അവരുടെ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. പെരുന്നാൾ ഉൾപ്പെടെയുള്ള കോടതിയവധിയുടെ മറപിടിച്ചായിരുന്നു നീക്കങ്ങൾ. അതിലൂടെ സർക്കാരിന് വേണ്ട പ്രദേശത്തിന്റെ പകുതിയിലധികം ഭാഗങ്ങളും ഒഴിപ്പിച്ചെടുത്തിട്ടുണ്ട്" മാർകീജ പറയുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലും കോടതി അവധിയുടെ മറവിൽ സർക്കാർ നടത്തിയ നീക്കത്തെ കുറിച്ച് പരാമർശമുണ്ടായിരുന്നു.

ബുൾഡോസറുകൾ ഗച്ചിബൗളിയിലെ കാടുകൾ വെട്ടിത്തെളിക്കുന്നു

 

ഗച്ചിബൌളിക്ക് വേണ്ടിയുള്ള പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിന്റെ മുൻനിരയിലുള്ളത് എസ് എഫ് ഐ- അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷ​ൻ സംയുക്ത യൂനിയനാണ്. ഐസ, ഫ്രട്ടേണിറ്റി, എംഎസ്എഫ് ,എസ്ഐഒ, ഡിഎസ് യു ഉൾപ്പെടയുള്ള മിക്ക സംഘടനകളും കൂട്ടായ്മയുടെ ഭാഗമാണ്. അതെസമയം, എൻ എസ് യു ഐയും എ ബി വി പിയും സമരമുഖത്തില്ല എന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ രണ്ടിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെയും സംയുക്ത കൂട്ടായ്മ പ്രതിനിധികള്‍ പോയികണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. വിഷയത്തിൽ നടൻ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാഠി ഉൾപ്പെടെയുള്ളവരും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

രംഗറെഡ്ഡി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കർ സ്ഥലം ഹൈദരാബാദ് സർവകലാശാലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ പാറകളുടെ രൂപീകരണങ്ങൾക്കും തടാകങ്ങൾക്കും പേരുകേട്ടതാണ് ഗച്ചിബൗളി. ബഫല്ലോ തടാകം, പീകോക്ക് തടാകം, സൺസെറ്റ് പോയിന്റ്, വൈറ്റ് റോക്ക്സ്, മഷ്‌റൂം റോക്ക്സ് എന്നിങ്ങനെ പ്രസിദ്ധമായ ഇടങ്ങളിലും ഈ മേഖലയിലുണ്ട്.

 

 കാഞ്ച ഗച്ചിബൗളി

സംഘർഷങ്ങളുടെ തുടക്കം

നിലവിലെ സംഘർഷത്തിന്റെ യഥാർത്ഥ ചിത്രം മനസ്സിലാകണമെങ്കിൽ പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും. 1974-ലാണ് എല്ലാത്തിന്റെയും ആരംഭം. തെലങ്കാന സംസ്ഥാനം നിലവിൽ വരുന്നതിനും മുൻപ്. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം ആന്ധ്രാപ്രദേശ് സർക്കാർ ഹൈദരാബാദ് സർവകലാശാലയ്ക്ക് 2,324 ഏക്കറോളം ഭൂമി അനുവദിച്ചു. നിലവിൽ തർക്കത്തിലുള്ള 400 ഏക്കറും അതിന്റെ ഭാഗമായിരുന്നു. പക്ഷെ ഭൂമിയുടെ നിയമപരമായ അവകാശങ്ങൾ സർവകലാശാലയ്ക്ക് കൈമാറിയിരുന്നില്ല. കഴിഞ്ഞ 15 വർഷമായി സർവകലാശാല അഡിമിനിസ്ട്രേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് കത്തെഴുതുന്നുണ്ടെങ്കിലും അതിൽ മാറ്റമൊന്നും ഉണ്ടായില്ല. സർക്കാർ ഭൂമി സർവകലാശാലയിലേക്ക് കൈമാറിയതായി സ്ഥിരീകരിക്കുന്ന കൈമാറ്റ രേഖയില്ലെന്ന് തെലങ്കാന ഹൈക്കോടതി 2022 ലെ ഒരു വിധിയിലും ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈദരാബാദ് സർവകലാശാല

 

ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം ഭൂമി കൈമാറുമ്പോൾ മുന്നോട്ടുവച്ചിരുന്ന പ്രധാന നിബന്ധന, അത് അക്കാദമിക ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവു എന്നതായിരുന്നു. എന്നാൽ അത് പലപ്പോഴും പാലിക്കപ്പെട്ടിരുന്നില്ല. കായിക സൗകര്യങ്ങളുടെ വികസനത്തിനായി, 2004 ജനുവരി 13നാണ് ആദ്യമായി കാഞ്ച ഗച്ചിബൌളി ഉൾപ്പെടെ 850 ഏക്കർ ഭൂമി, ഐഎംജി അക്കാദമീസ് ഭാരത് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ആന്ധ്രാപ്രദേശ് സർക്കാർ അനുവദിക്കുന്നത്. എന്നാൽ പദ്ധതി യാഥാർത്ഥ്യമാകാതെ വന്നപ്പോൾ 2006 നവംബർ 21ന് സർക്കാർ അത് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇന്ദിരാഗാന്ധി

 

 

അതിനെതിരെ ഐഎംജി അക്കാദമീസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 21 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2024 മാർച്ച് 24 ന് സർക്കാരിന് അനുകൂലമായി തെലങ്കാന ഹൈക്കോടതി വിധി പറഞ്ഞു. രണ്ടുമാസത്തിന് ശേഷം, 2024 ജൂൺ 19ന് ഐടി പാർക്ക് സ്ഥാപിക്കാനായി 400 ഏക്കർ ഏറ്റെടുക്കാൻ തെലങ്കാന വ്യവസായ വികസന കോർപറേഷൻ നടപടി ആരംഭിച്ചു. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൂടി ഭൂമി കൈമാറ്റത്തിന് അംഗീകാരം നൽകിയതോടെയാണ് കോർപറേഷൻ അതേറ്റെടുക്കുന്നത്. തിടുക്കത്തിൽ നടത്തിയ ഈ കൈമാറ്റങ്ങളാണ് സർക്കാരും സർവകലാശാലയിലെ വിദ്യാർത്ഥികളും തമ്മിലുള്ള നിലവിലെ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

വാദങ്ങളും മറുവാദങ്ങളും

മൾട്ടി-ഇൻഫ്രാസ്ട്രക്ചർ, ഐടി പാർക്കുകൾ വികസിപ്പിക്കാനെന്ന പേരുപറഞ്ഞാണ് തെലങ്കാന വ്യവസായ വികസന കോർപറേഷൻ ഭൂമി ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. അതിനെതിരെ മാർച്ച് 13 മുതൽ വിദ്യാർഥികൾ സമരത്തിലായിരുന്നു. എന്നാൽ വിദ്യാർഥികൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ആ പ്രദേശം വനഭൂമിയല്ല എന്നതുമാണ് സർക്കാരിന്റെ പ്രധാന വാദം. വന്യജീവികളല്ല, വികസന വിരോധികളായ കുറുക്കന്മാരാണ് അവിടെയുള്ളതെന്ന അപഹസിക്കലും മുഖ്യമന്ത്രി രേവന്ത് റെഡ്ഢി നടത്തിയിരുന്നു. എന്നാൽ വംശനാശ ഭീഷണി നേരിടുന്ന ജന്തുജീവജാലങ്ങൾ ഉൾപ്പെടെ വസിക്കുന്ന കാഞ്ച ഗച്ചിബൗളി നശിപ്പിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്.

രേവന്ത് റെഡ്ഢി

 

"മാനുകൾ, മയിലുകൾ, രാജ്യത്ത് തന്നെ അപൂർവമായി കാണപ്പെടുന്ന ആമകൾ എന്നിങ്ങനെ വലിയൊരു ആവാസവ്യവസ്ഥയെ നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജെ സി ബി ഉപയോഗിച്ച് മരങ്ങൾ പിഴുതുമാറ്റുന്നതോടെ, ജീവികൾ നെട്ടോട്ടം ഓടുകയാണ്. അവയ്ക്ക് എങ്ങോട്ടുപോകണം എന്നറിയാതെ റോഡുകളിലും കാംപസിലേക്കുമെല്ലാം മൃഗങ്ങൾ ഓടുകയാണ്. 800-ലധികംസസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയായ പ്രദേശത്തെ നശിപ്പിക്കുന്നത് ഹൈദരാബാദ് നഗരത്തെ വരെ പ്രതികൂലമായി ബാധിക്കും" സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഗവേഷക വിദ്യാർഥി ശബരി ഗിരിജരാജൻ പറയുന്നു.

"നഗരത്തിന്റെ കണ്ണായ പ്രദേശമാണ് കാഞ്ച ഗച്ചിബൗളി. അതിനെ സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിലൂടെ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് നടക്കുക. അതിലാണ് സർക്കാരിന്റെ കണ്ണ്. അതുകൊണ്ടാണ് രേവന്ത് റെഡ്ഢി സർക്കാർ ഇത്രയധികം വാശിപിടിക്കുന്നത്" ശബരി ആരോപിക്കുന്നു. നിരവധി സ്വതന്ത്ര ഗവേഷകരും, സർവകലാശാല പ്രൊഫസർമാരും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ-ഇന്ത്യയിലെ ശാസ്ത്രജ്ഞരും ഗവേഷകരും നടത്തിയ പഠനങ്ങളും ഗച്ചിബൗളിയിലെ അപാരമായ ജൈവവൈവിധ്യത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

വനപ്രദേശം നിരപ്പാക്കാനെത്തിയ ജെസിബികൾ

 

2025 മാർച്ച് 13 മുതലാണ് ശരിക്കും സമരം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ, ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടിയുള്ള രേഖകൾ മേടിച്ചെടുക്കാൻ സർവ്വകലാശാലയെ പ്രേരിപ്പിക്കുന്നതിനായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. കാര്യങ്ങൾ വഷളായത്, മാർച്ച് മുപ്പത് ഉച്ചയോടെയാണ്. പ്രദേശം വൃത്തിയാക്കാനെന്ന് അവകാശപ്പെട്ട് പൊലീസ് അകമ്പടിയിൽ എട്ടുമണ്ണുമാന്തി യന്ത്രങ്ങളാണ് ക്യാമ്പസിലെത്തിയത്. അത്തരമൊരു നീക്കം അനുവദിക്കാൻ സാധ്യമല്ലെന്ന നിലപാട് എടുത്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു. 57 വിദ്യാർത്ഥികളെയാണ് അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെ ഇനിയും പൊലീസ് വിട്ടയച്ചിട്ടില്ല . അവർക്കുവേണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കുന്നു

 

പെൺകുട്ടികളെ തലയ്ക്ക് കുത്തിപ്പിടിച്ചും വലിച്ചിഴച്ചുമാണ് പൊലീസ് നേരിട്ടതെന്ന് ദിവ്യ സാക്ഷ്യപ്പെടുത്തുന്നു. നാല് സ്റ്റേഷനുകളിലേക്കാണ് വിദ്യാർഥികളെ പൊലീസ് മാറ്റിയത്. പലർക്കും ഫോൺ നൽകാനോ, നോമ്പ് തുറക്കാനുള്ള ഭക്ഷണം നൽകാനോ പോലും പൊലീസ് തയാറായില്ല. സാധാരണഗതിയിൽ പോലീസ് പ്രവേശിക്കാത്ത കാമ്പസിൽ ഇപ്പോൾ നിറയെ പൊലീസാണ്. വിദ്യാർഥികളെ ചോദ്യം ചെയ്യലെന്ന പേരിൽ മാനസികമായി ഉപദ്രവിക്കുകയാണെന്നും ദിവ്യ ആരോപിക്കുന്നു.

സർക്കാരും സർവകലാശാല ഉദ്യോഗസ്ഥരും സംയുക്തമായി ചേർന്ന് 2024 ജൂലൈയിൽ സർവേ നടത്തി എന്നാണ് സർക്കാർ രേഖകൾ പറയുന്നത്. എന്നാൽ അതിനെ നിരാകരിച്ചുകൊണ്ട് ഏപ്രിൽ ഒന്നിന് സർവകലാശാല അധികൃതർ പത്രക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും സർവകലാശാല കൃത്യമായൊരു നിലപാടെടുക്കാൻ ഇതുവരെയും തയാറായിട്ടില്ല. ഇക്കാര്യം വിദ്യാർഥികളെയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, ടീച്ചേർസ് അസോസിയേഷൻ, വർക്കേഴ്സ് യൂണിയൻ എന്നീ അധ്യാപക സംഘടനകളും അനധ്യാപക ജീവനക്കാരുടെ സംഘടനയും വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തുണ്ട്.

 

 

ഹൈക്കോടതിയും സുപ്രീംകോടതിയും തത്കാലം നടപടി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത് ആശ്വാസമാണെങ്കിലും എന്താകും സർക്കാരിന്റെ തുടർനീക്കങ്ങളെന്നത് വരും ദിവസങ്ങളിലായിരിക്കും അറിയുക. വനനശീകരണത്തിലൂടെയാണോ നാട്ടിൽ വികസനം സാധ്യമാക്കേണ്ടത് എന്നതാണ് വിദ്യാർത്ഥികളും പ്രതിഷേധ പ്രവർത്തകരും ഉയർത്തുന്ന പ്രധാന ചോദ്യം.

Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - മുഹമ്മദ് റിസ്‍വാൻ

Web Journalist at MediaOne

Similar News