ബംഗാളിലെ സ്‌കൂള്‍ ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു

നിയമനം കിട്ടിയവര്‍ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ നല്‍കേണ്ടതില്ലെന്നും സുപ്രിംകോടതി പറഞ്ഞു

Update: 2025-04-03 11:10 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ 25,000ല്‍ അധികം അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. നിയമന നടപടികള്‍ വഞ്ചനാപരമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2016-ല്‍ ആയിരുന്നു പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ 25,000ല്‍ അധികം ജീവനക്കാര്‍ക്ക് നിയമനം നല്‍കിയത്. 'ഈ പ്രക്രിയ നന്നാക്കാന്‍ കഴിയാത്തവിധം കളങ്കപ്പെട്ടിരിക്കുന്നു. അധ്യാപകരുടെ നിയമനവും സേവനവും അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ യാതൊരു കാരണവും ഞങ്ങള്‍ കാണുന്നില്ലയെന്ന്' ബെഞ്ച് വ്യക്തമാക്കി. നിയമനം കിട്ടിയവര്‍ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ നല്‍കേണ്ടതില്ലെന്നും സുപ്രിംകോടതി പറഞ്ഞു.

2024 ഏപ്രിലാണ് 25,573 അധ്യാപക-അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. നിയമനം കിട്ടിയവര്‍ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും മടക്കി നല്‍കണമെന്നും 15 ദിവസത്തിനുള്ളില്‍ തസ്തികകളിലേക്ക് പുതിയ നിയമനം നടത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് തടഞ്ഞുവെക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.

കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജി ഏപ്രില്‍ നാലിന് പരിഗണിക്കാനും ബെഞ്ച് തീരുമാനിച്ചു. പുതിയ നിയമനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News