ട്രംപിന്‍റെ താരിഫ് നയങ്ങൾക്കു പിന്നാലെ മൂക്കുകുത്തി വീണ് ഇന്ത്യൻ ഓഹരിവിപണി
തൽസ്ഥിതി തുടര്‍ന്നാല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴി വെച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി
ഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ താരിഫ് നയങ്ങൾക്കു പിന്നാലെ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി. സെന്‍സെക്സ് 3,000 പോയിന്‍റും നിഫ്റ്റി 1,000 പോയിന്‍റും ഇടിഞ്ഞു. നിക്ഷേപകർക്ക് 19 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. തൽസ്ഥിതി തുടര്‍ന്നാല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴി വെച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.
പത്തു മാസത്തിനിടെയുണ്ടാകുന്ന കനത്ത തിരിച്ചടിയാണ് ഓഹരി വിപണിയിൽ ഇന്ന് ഉണ്ടായത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് പിന്നാലെയാണ് ആഗോള വിപണി ഇടിഞ്ഞത്. സെൻസെക്‌സ് 3000 പോയിന്‍റ് ഇടിഞ്ഞാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ് 85.74 ആയി. ടെക്, മെറ്റൽ ഓഹരികളാണ് വിൽപനയുടെ ആഘാതം നേരിടുന്നത്.
ഇതിന്‍റെ ഫലമായി, നിക്ഷേപകരുടെ സമ്പത്തില്‍ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായത് 19 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയില്‍ ലിസ്‌റ്റ് ചെയ്‌ത മൊത്തം കമ്പനികളുടെ വിപണിമൂല്യം 383.95 ലക്ഷം കോടിയിലേക്ക് താഴ്‌ന്നു. അമേരിക്കയിൽ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും ചൈന 34 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആഗോള ഓഹരികള്‍ തകര്‍ന്നതോടെയാണ് ഇന്ത്യൻ ഓഹരി വിപണയേയും ബാധിച്ചത്. അതേസമയം തകർച്ച ലോക വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.