'ഉറങ്ങുന്നതിന് മുൻപ് രാമചരിത മാനസം വായിക്കൂ'; ഹോം സിക്നെസ് ഉള്ള പൊലീസ് ട്രയിനികൾക്ക് മധ്യപ്രദേശ് എഡിജിയുടെ ഉപദേശം
പരിശീലനം തുടങ്ങിയതേയുള്ളൂ. സ്ഥലംമാറ്റത്തിനായി എനിക്ക് ഇതിനകം നിരവധി അപേക്ഷകൾ ലഭിച്ചു
ഭുവനേശ്വര്‍: ഹോം സിക്നെസ് ഉള്ള പൊലീസ് ട്രയിനികളോട് ഉറങ്ങുന്നതിന് മുൻപ് രാമചരിത മാനസം വായിക്കാൻ മധ്യപ്രദേശ് എഡിജിയുടെ ഉപദേശം. വീട്ടിൽ നിന്നും മാറിനിൽക്കാൻ പറ്റില്ല, സ്ഥല മാറ്റം അനുവദിക്കണം തുടങ്ങിയ അഭ്യര്‍ഥനകൾ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജി(ട്രയിനിങ്)യുമായ രാജബാബു സിങ് ഉപദേശവുമായി രംഗത്തെത്തിയത്. മധ്യപ്രദേശിൽ, എട്ട് പരിശീലന കേന്ദ്രങ്ങളിലായി ജൂലൈ 1 ന് 4,000-ത്തിലധികം പൊലീസ് കോൺസ്റ്റബിൾമാർ പരിശീലനം ആരംഭിച്ചിരുന്നു.
എല്ലാ പൊലീസ് പരിശീലന കേന്ദ്രങ്ങളിലെയും എസ്പിമാരെയും പൊലീസ് ട്രയിനികളെയും വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തന്‍റെ പ്രസംഗത്തിൽ, ശ്രീരാമന ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഉറങ്ങുന്നതിനുമുമ്പ് ദിവസവും രാമചരിതമാനസത്തിലെ ശ്ലോകങ്ങൾ ചൊല്ലാൻ അദ്ദേഹം പരിശീലനാർഥികളോട് ആവശ്യപ്പെട്ടു.
"പരിശീലനം തുടങ്ങിയതേയുള്ളൂ. സ്ഥലംമാറ്റത്തിനായി എനിക്ക് ഇതിനകം നിരവധി അപേക്ഷകൾ ലഭിച്ചു. ചിന്ദ്വാരയിൽ നിന്നുള്ള ഒരു കോൺസ്റ്റബിൾ പച്മറിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നു; രത്ലാമിൽ നിന്നോ ജാബുവയിൽ നിന്നോ ഒരാൾ ഉജ്ജൈനിയിലേക്ക് ആവശ്യപ്പെടുന്നു. പരിശീലനം പകുതിയാകുന്നതിന് മുമ്പ് തന്നെ അവർക്ക് വീടിനെക്കുറിച്ചാണ് ചിന്ത"എഡിജി ആജ് തകിനോട് പറഞ്ഞു. ശ്രീരാമന്‍റെ 14 വര്‍ഷത്തെ വനവാസത്തോടാണ് സിങ് ഇതിനെ താരതമ്യം ചെയ്തത്. ''കാട്ടിൽ, രാമൻ അജ്ഞാതമായ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു, പ്രകൃതിയുമായി ഇണങ്ങി ജീവിച്ചു, അതിജീവന കഴിവുകൾ പഠിച്ചു. അദ്ദേഹം തന്ത്രങ്ങൾ മെനഞ്ഞു, പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് യുദ്ധങ്ങൾ നയിച്ചു, രാവണനെ പരാജയപ്പെടുത്തി. നമ്മുടെ കോൺസ്റ്റബിൾമാരും അപരിചിതമായ ചുറ്റുപാടുകളിൽ അഭിവൃദ്ധി പ്രാപിക്കാൻ പഠിക്കണം, പുതിയ തരം കുറ്റകൃത്യങ്ങളെ നേരിടണം, പുതിയ നിയമങ്ങൾ മനസ്സിലാക്കണം. രാമചരിതമാനസം അതിനുള്ള ഒരു വഴികാട്ടിയാണ്, ”അദ്ദേഹം പറഞ്ഞു.
1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാജബാബു സിംഗ്, എംപി മുതൽ ഡൽഹിയിലെ ബിഎസ്എഫ് ആസ്ഥാനം വരെയും ജമ്മു കശ്മീരിൽ ബിഎസ്എഫിലും ഐടിബിപിയിലും ഐജി ആയും പ്രധാന ചുമതലകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഗ്വാളിയോർ സോണിൽ അഡീഷണൽ ഡയറക്ടർ ജനറലായി (എഡിജി) സേവനമനുഷ്ഠിക്കുമ്പോൾ, അദ്ദേഹം ഭഗവത് ഗീതയുടെ ആയിരക്കണക്കിന് കോപ്പികൾ വിതരണം ചെയ്തിരുന്നു. ഇതോടൊപ്പം, കശ്മീരിൽ ബിഎസ്‌എഫ്‌ഐജി ആയിരിക്കുമ്പോൾ, ശ്രീനഗർ നഗരത്തിൽ സംഘടിപ്പിച്ച 20 കിലോമീറ്റർ സൈക്കിൾ ത്രിവർണ്ണ റാലിയും ചർച്ചയായിരുന്നു.