പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധിയും ഖാർഗെയും

ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥത, പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ എന്നിവ ചർച്ച ചെയ്യണമെന്ന് കത്തിൽ

Update: 2025-05-11 08:05 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂ ഡൽഹി: പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്നത് പ്രതിപക്ഷത്തിൻ്റെ ഒറ്റക്കെട്ടായുള്ള ആവശ്യമാണെന്ന് കത്തിൽ പറയുന്നു.

ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥത, പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ എന്നിവ ചർച്ച ചെയ്യണം. വെല്ലുവിളികളെ നേരിടാനുള്ള കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള അവസരമാണിത്. 1994 ലെ പാക് അധീന കാശ്മീർ തിരിച്ച് പിടിക്കുമെന്ന പ്രമേയം വീണ്ടും ആവർത്തിക്കണം. ആവശ്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു എന്നും കത്തിൽ പറയുന്നു.

എല്ലാ വിഷയങ്ങളും കൃത്യമായി ചർച്ച ചെയ്യണം. രണ്ട് ദിവസം മുൻപ് അമേരിക്ക പറഞ്ഞത് ഇത് ഞങ്ങളുടെ വിഷയം അല്ലെന്നാണ്. അമേരിക്ക- ഇന്ത്യ ചർച്ച എങ്ങിനെയായിരുന്നു, എന്തെല്ലാം ചർച്ച ചെയ്തു എന്നത് ചർച്ച ചെയ്യണം. സർക്കാർ എല്ലാവരെയും വിശ്വാസത്തിൽ എടുക്കണമെന്നും കത്തിൽ പറയുന്നു.

ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥതയിൽ ചോദ്യങ്ങൾ ഇന്ന് കോൺഗ്രസ് ഉയർത്തിയിരുന്നു. ഷിംല കരാർ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകൾ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചർച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്നപരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾ തേടുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്‌സിലൂടെ ജയറാം രമേശ് പങ്കുവെച്ചത്.

ചോദ്യങ്ങൾക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നൽകണം. പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചർച്ച നടത്തണമെന്നും ജയറാം രമേശ് പറഞ്ഞു. 1971-ൽ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോൺഗ്രസ് ആവർത്തിച്ചു. അതേസമയം, ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയില്ലെന്ന കോൺഗ്രസ് പ്രചാരണത്തെ തള്ളി ശശി തരൂർ രംഗത്തെത്തി. നേതാക്കളുടെ നിലപാടുകൾക്ക് വിരുദ്ധമായാണ് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവന ഉണ്ടായത്.1971 ലെ സാഹചര്യവും 2025 ലെ സാഹചര്യവും വ്യത്യസ്തമെന്നായിരുന്നു പ്രതികരണം.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News