നിരവധി ചോദ്യങ്ങളുണ്ട്, പ്രത്യേക പാർലമെന്റ് സമ്മേളനവും സർവകക്ഷി യോഗവും ചേരണം: കപിൽ സിബൽ
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അല്ലാതെ സർക്കാർ വിളിക്കുന്ന ഏത് യോഗവും മുഴുവൻ രാഷ്ട്രീയ പാർട്ടികളും ബഹിഷ്ക്കരിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യ-പാക് സംഘർഷം സംബന്ധിച്ച് പ്രത്യേക പാർലമെന്റ് സമ്മേളനവും സർവകക്ഷി യോഗവും വിളിച്ച് സർക്കാർ വിശദീകരിക്കണമെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലെ പരാമർശങ്ങളെ വിമർശിച്ച കപിൽ സിബൽ നിലവിലെ സാഹചര്യത്തെ കുറിച്ച് പ്രതിപക്ഷത്തിന് നൽകിയ തെറ്റായ വിവരങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ട്രംപിന്റെ ട്വീറ്റ് സംബന്ധിച്ച് നിരവധി ചോദ്യങ്ങളുണ്ട്. എന്താണ്, എങ്ങനെയാണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഒരു വിവരവും തങ്ങളുമായി പങ്കുവെച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഒരു വിമർശനവും ഇപ്പോൾ ഉന്നയിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല, പക്ഷേ പ്രത്യേക പാർലമെന്റ് സമ്മേളനവും സർവകക്ഷി യോഗവും വിളിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
We salute defence forces for befitting reply, people are with them. I had asked for a special session of Parliament, we did not get answer. Since there has been a ceasefire, we will ask again. We cannot wait till Monsson Session, if we don't get answers, there would be acrimony. pic.twitter.com/OchNHkR38U
— Kapil Sibal (@KapilSibal) May 11, 2025
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അല്ലാതെ സർക്കാർ വിളിക്കുന്ന ഏത് യോഗവും മുഴുവൻ രാഷ്ട്രീയ പാർട്ടികളും ബഹിഷ്‌ക്കരിക്കണം. ഡോ. മൻമോഹൻ സിങ് ആയിരുന്നു ഇപ്പോൾ പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹം സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും തനിക്ക് ഉറപ്പായിരുന്നുവെന്നും കപിൽ സിബൽ പറഞ്ഞു.
ഇന്ത്യ- പാക് സംഘർഷം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പഹൽഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറും വെടിനിർത്തൽ കരാറും ചർച്ചചെയ്യണം. മൂന്നാം കക്ഷി മധ്യസ്ഥതക്കുള്ള വാതിലുകൾ തുറന്നോ എന്ന്
പ്രധാനമന്ത്രി വിശദീകരിക്കണം. പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന പ്രമേയം സംയുക്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും ആവശ്യപ്പെട്ടു.
കശ്മീർ പ്രശ്നം 1000 വർഷം പഴക്കമുള്ള സംഘർഷമല്ലെന്ന് യുഎസ് ഭരണസംവിധാനത്തിലെ ആരെങ്കിലും അവരുടെ പ്രസിഡന്റിനെ പഠിപ്പിക്കണം. 1947 ഒക്ടോബർ 22 ന് - 78 വർഷങ്ങൾക്ക് മുമ്പ് പാകിസ്താൻ സ്വതന്ത്ര ജമ്മുകശ്മീർ സംസ്ഥാനം ആക്രമിച്ചതോടെയാണ് ഇത് ആരംഭിച്ചത്. തുടർന്ന് 1947 ഒക്ടോബർ 26 ന് മഹാരാജ ഹരി സിങ് ഇന്ത്യക്ക് 'പൂർണമായി' വിട്ടുകൊടുത്തു. ഇതിൽ ഇതുവരെ പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ടെന്നും ഈ ലളിതമായ യാഥാർഥ്യം മനസ്സിലാക്കാൻ എന്താണ് ഇത്ര പ്രയാസമെന്നും മനീഷ് തിവാരി എക്‌സ് പോസ്റ്റിൽ ചോദിച്ചു.
Someone in the US establishment needs to seriously educate their President @POTUS @realDonaldTrump that Kashmir is not a biblical 1000 year old conflict.
— Manish Tewari (@ManishTewari) May 11, 2025
It started on 22 nd October 1947 - 78 years ago when Pakistan invaded the Independent State of Jammu & Kashmir that… pic.twitter.com/Ug4nmO338H
ഓപറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം, വെടിനിർത്തൽ പ്രഖ്യാപനം തുടങ്ങിയ കാര്യങ്ങൾ പ്രത്യേക പാർലമെന്റ് സമ്മേളനവും സർവകക്ഷി യോഗവും വിളിച്ച് വിശദീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും ആവശ്യപ്പെട്ടിരുന്നു.