പാകിസ്താനായി രഹസ്യവിവരങ്ങൾ ചോർത്തിയ രണ്ടുപേർ അറസ്റ്റിൽ
ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ചോർത്തി നൽകിയത്.
ന്യൂഡൽഹി: പാക് ഹൈക്കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ രണ്ടുപേർ അറസ്റ്റിൽ. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക് ഉദ്യോഗസ്ഥന് ചോർത്തി നൽകിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്. വിവരങ്ങൾ കൈമാറിയതിന് ഇവർക്ക് ഓൺലൈനായി പണം ലഭിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാക് ഉദ്യോഗസ്ഥനുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഡിജിപി പറഞ്ഞു.
രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതിർത്തികടന്നുള്ള ചാരപ്രവർത്തനം തടയുന്നതിൽ ഇവരുടെ അറസ്റ്റ് നിർണായകമാവുമെന്നാണ് കരുതുന്നതെന്ന് ഡിജിപി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ ആളുകൾക്ക് ചാരപ്രവൃത്തിയുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.