വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബറാക്രമണം
'വഞ്ചകൻ', 'ഒറ്റുകാരൻ', 'രാജ്യത്തെ ശത്രുക്കൾക്ക് വിറ്റു' തുടങ്ങിയ അധിക്ഷേപങ്ങളാണ് എക്‌സിൽ നിറയുന്നത്.
ന്യൂഡൽഹി: ഇന്ത്യാ-പാക് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബറാക്രമണം. 'വഞ്ചകൻ', 'ഒറ്റുകാരൻ', 'രാജ്യത്തെ ശത്രുക്കൾക്ക് വിറ്റു' തുടങ്ങിയ അധിക്ഷേപങ്ങളാണ് എക്‌സിൽ നിറയുന്നത്. സൈബറാക്രമണം രൂക്ഷമായതോടെ മിസ്രി എക്‌സ് എക്കൗണ്ട് ലോക്ക് ചെയ്തു.
അതിനിടെ പാകിസ്താൻ ഭീകരതക്ക് നൽകുന്ന പിന്തുണ ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. പാകിസ്താൻ ഭീകരതക്ക് കൂട്ടുനിൽക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവുകൾ ഇന്ത്യ യുഎൻ രക്ഷാസമിതിക്ക് കൈമാറും. അടുത്ത ആഴ്ച രക്ഷാസമിതി യോഗം ചേരാനിരിക്കെയാണ് ഇന്ത്യയുടെ നീക്കം. യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യ തെളിവുകളുമായി സംഘത്തെ അയക്കും. 1267 എന്ന യുഎൻ ഉപരോധ സമിതിക്ക് മുന്നിലാണ് തെളിവുകൾ നൽകുക. ആഗോള ഭീകരവാദികളുടെ പട്ടിക നിശ്ചയിക്കുന്ന സമിതിയാണിത്.