കർണാടക ബിജെപി എംഎല്‍എയുടെ വര്‍ഗീയ പ്രസംഗം; മുസ്‌ലിംകളോട് ഖേദം പ്രകടിപ്പിച്ച് ക്ഷേത്രകമ്മിറ്റി

പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് ക്ഷേത്രകമ്മിറ്റി ഖേദം പ്രകടിപ്പിച്ച് കത്ത് നല്‍കി

Update: 2025-05-11 16:32 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ബെം​ഗളൂരു: കർണാടകയിലെ ക്ഷേത്രപരിപാടിയിൽ ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ച നടത്തിയ വര്‍ഗീയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ക്ഷേത്രകമ്മിറ്റി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് ക്ഷേത്രകമ്മിറ്റി കത്ത് നല്‍കി.

എംഎല്‍എ നടത്തിയ വര്‍ഗീയ പ്രസംഗത്തിന് പിന്നാലെ ഹിന്ദു മുസ്‌ലീം സമുദായ നേതാക്കള്‍ പ്രത്യേകയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് ദേവര ഗുഡ്ഡെ സേവ ട്രസ്റ്റ് ഖേദം പ്രകടിപ്പിച്ച് കത്ത് നല്‍കിയത്. ഗ്രാമത്തില്‍ മതസൗഹാര്‍ദ്ദം ശക്തമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണ ബത്രബെയ്‌ലു സരാളികാട്ടെ പറഞ്ഞു.

ക്ഷേത്രോല്‍സവത്തില്‍ കാലങ്ങളായി പ്രദേശവാസികളായ മുസ്‌ലിംകള്‍ സഹകരിക്കുന്നുണ്ടായിരുന്നു. ഗ്രാമത്തിലെ പരിപാടിയിലേക്ക് മുസ്‌ലിം നിവാസികളെ ക്ഷേത്രകമ്മിറ്റി ക്ഷണിച്ചതിനെ പൂഞ്ച എതിർത്തിരുന്നു. നമ്മുടെ ഏറ്റവും വലിയ തെറ്റ് എല്ലാവരെയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോകുക എന്നതാണെന്നും നമ്മൾ പള്ളിയിൽ പോയി ഒരു ക്ഷണം നൽകേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും പൂഞ്ച പ്രസംഗത്തിൽ ചോദിച്ചു. പ്രസം​ഗത്തിൽ മുസ്‌ലിംകൾ പരിപാടിക്കിടെ ട്യൂബ് ലൈറ്റുകൾ തകർത്തതായും പ്രകാശിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ജനറേറ്ററുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചതായും പൂഞ്ച അവകാശപ്പെട്ടു.

മംഗളൂരുവിൽ നടന്ന രണ്ട് കൊലപാതകങ്ങളെത്തുടർന്ന് തീരദേശ ദക്ഷിണ കന്നഡ ജില്ലയിൽ വർഗീയ സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് പൂഞ്ച വര്‍ഗീയ പ്രസംഗം നടത്തിയത്. പ്രാദേശിക മുസ്‌ലിം സമൂഹത്തിനെതിരെ ഇയാള്‍ മോഷണമടക്കം ആരോപിച്ചു. സംഭവത്തിൽ എംഎല്‍എക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News