ഓപറേഷൻ സിന്ദൂരിനിടെ റഫാൽ വിമാനം തകർന്നോ എന്ന് ചോദ്യം; ഇന്ത്യൻ സൈന്യത്തിന്റെ മറുപടി ഇങ്ങനെ
ഓപറേഷൻ സിന്ദൂരിന്റെ ലക്ഷ്യം പൂർണമായും കൈവരിച്ചെന്ന് സൈന്യം സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിന്റെ നിർണായക നേട്ടങ്ങൾ വെളിപ്പെടുത്തി സൈന്യത്തിന്റെ വാർത്താസമ്മേളനം. ഓപ്പറേഷൻ സിന്ദൂർ പൂർണമായും ലക്ഷ്യം കൈവരിച്ചെന്നും ഭീകരകേന്ദ്രങ്ങൾ തകർത്തുവെന്നും സൈന്യം സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എയർ മാർഷൽ എ.കെ ഭാരതി, ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, മേജർ ജനറൽ എസ്.എസ് ശർമ, വൈസ് അഡ്മിറൽ എ.എൻ പ്രമോദ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ഓപറേഷൻ സിന്ദൂരിനിടെ റഫാൽ യുദ്ധവിമാനം തകർന്നോയെന്ന ചോദ്യത്തിന് പോർമുഖത്ത് നഷ്ടം സ്വാഭാവികമാണ് എന്നായിരുന്നു സൈന്യത്തിന്റെ മറുപടി. വിവരങ്ങൾ പുറത്ത് പറഞ്ഞാൽ ശത്രുവിന് ഗുണം ചെയ്യും. പാകിസ്താൻ എന്ത് ചെയ്യുന്നു എന്നതിൽ തങ്ങൾക്ക് ആശങ്കയില്ലായിരുന്നു. നമ്മൾ നടത്തുന്ന പ്രത്യാക്രമണത്തിലായിരുന്നു ശ്രദ്ധയെന്നും സൈന്യം പറഞ്ഞു.
പാകിസ്താന് ഇപ്പോൾ നൽകിയത് മുന്നറിയിപ്പ് മാത്രമാണ്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കും. നിലവിൽ പാകിസ്താന്റെ നീക്കങ്ങൾ സേന നിരീക്ഷിക്കുകയാണ്. പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടക്കുന്നത് ചെറുത്തു. പാകിസ്താന്റെ എല്ലാ സംവിധാനങ്ങളും തകർക്കാനുള്ള ശേഷി ഇന്ത്യൻ സൈന്യത്തിനുണ്ട്. ുദ്ധം ഒഴിവാക്കി സമാധാനം നിലനിർത്തുകയാണ് തങ്ങളുടെ ലക്ഷ്യം. ഭീകരവാദികളുടെ ആക്രമണത്തെ ചെറുക്കുകയാണ് പ്രധാനമായും ചെയ്തതെന്നും സൈന്യം വ്യക്തമാക്കി.