പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു
ബിഎസ്എഫ് ജവാൻ ദീപക് ചിംഗാംമാണ് വീരമൃത്യു വരിച്ചത്
ന്യൂഡല്‍ഹി: പാകിസ്താന്‍ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംഗാംമാണ് (25) മരിച്ചത്. ആർഎസ് പുരയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ദീപക് ചിംഗാംമിന് പരിക്കേറ്റത്. മണിപ്പൂര്‍ സ്വദേശിയാണ് ദീപക്. മെയ് 10 ന് പുലർച്ചെ നടന്ന ഷെല്ലാക്രമണത്തില്‍ ദീപക് ഉള്‍പ്പടെ എട്ട് ബിഎസ്‌എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ എം.ഡി. ഇംതിയാസും വീരമൃത്യുവരിച്ചിരുന്നു.
ദീപകിന്‍റെ മരണത്തില്‍ ബി.എസ്.എഫ് ജമ്മു അനുശോചനം അറിയിച്ചു. 'മെയ് 10 ന് ജമ്മു ജില്ലയിലെ ആർ.എസ്. പുര പ്രദേശത്ത് അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന ഷെല്ലാക്രമണത്തില്‍ ദീപകിന് മാരകമായ പരിക്കുകൾ ഏൽക്കുകയും മെയ് 11 ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു'.. ബി.എസ്.എഫ് ജമ്മു എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
അതിനിടെ, സൈബറാക്രമണം നേരിട്ട ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്ക് പിന്തുണയുമായി IAS - IPS അസോസിയേഷൻ രംഗത്തെത്തി. ആത്മാർത്ഥതയോടെ കർത്തവ്യം നിർവഹിക്കുന്നവരെ ആക്രമിക്കുന്നത് ഖേദകരമെന്ന് അസോസിയേഷൻ പ്രതികരിച്ചു.