Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: അതിർത്തി മേഖലയിൽ ഉപഗ്രഹ നിരീക്ഷണം തുടർന്ന് ഐഎസ്ആർഒ. ഐഎസ്ആർഒയുടെ 10 ഉപഗ്രഹങ്ങൾ അതിർത്തിയിൽ നിരീക്ഷണം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ പറഞ്ഞു. അതിര്‍ത്തിയിലെ സുരക്ഷാ നിരീക്ഷണങ്ങള്‍ തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനം ഉറപ്പാക്കണമെന്ന് വി. നാരായണന്‍ പറഞ്ഞു. ഇംഫാലില്‍ കേന്ദ്ര അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാം കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താൻ തീരെ മേഖലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് സേന വ്യക്തമാക്കി. ഇന്ത്യ-പാക് ഡിജിഎംഒ തല ചർച്ച യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന നിര്‍ണായക ഹോട്ട്ലൈന്‍ ചര്‍ച്ചയ്ക്ക് പ്രാധാനമേറെയാണ്. ഷെൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു വരിച്ചു. കോൺസ്റ്റബിൾ ദീപക് ചിംഗാംമാണ് മരിച്ചത്. ആർഎസ് പുരയിൽ ഉണ്ടായ ഷെല്ല് ആക്രമണത്തിലാണ് ദീപക് ചിംഗാംമിന് പരിക്കേറ്റത്. നേരത്തെ പാക് വെടിവെപ്പിൽ ഒരു എസ്ഐയും വീരമൃത്യു വരിച്ചിരുന്നു.
സൈബർ ആക്രമണം നേരിട്ട ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്ക് പിന്തുണയുമായി IAS - IPS അസോസിയേഷൻ രംഗത്തെത്തി. ആത്മാർത്ഥതയോടെ കർത്തവ്യം നിർവഹിക്കുന്നവരെ ആക്രമിക്കുന്നത് ഖേദകരമെന്ന് അസോസിയേഷൻ പ്രതികരിച്ചു. ഉധംപൂരിൽ സ്‌ഫോടനം നടന്നു എന്ന പ്രചരണം തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. കശ്മീർ സർവകലാശാല ഈ മാസം 14 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.