കർണാടകയിലെ ഒരു സീറ്റിൽ അട്ടിമറി നടന്നതിന്റെ തെളിവുകൾ കയ്യിലുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതല നിർവഹിക്കുന്നില്ല: രാഹുൽ ഗാന്ധി
അട്ടിമറിയുടെ ഭാഗമായവർ ആരും രക്ഷപ്പെടാൻ പോകുന്നില്ല. തങ്ങൾ ഇതിനെതിരെ പോരാടുമെന്നും രാഹുൽ പറഞ്ഞു.
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കമ്മീഷൻ ചുമതല നിർവഹിക്കുന്നില്ല. കമ്മീഷന്റെ പ്രസ്താവനകൾ പൂർണമായും അസംബന്ധമാണ്. കർണാടകയിലെ ഒരു സീറ്റിൽ അട്ടിമറി നടന്നതിന്റെ വ്യക്തമായ തെളിവുകൾ കയ്യിലുണ്ട്. ഓരോ മണ്ഡലത്തിലും സമാനമായ നാടകം നടക്കുന്നുണ്ട്. ഈ അട്ടിമറിയുടെ ഭാഗമായവർ ആരും രക്ഷപ്പെടാൻ പോകുന്നില്ല. തങ്ങൾ ഇതിനെതിരെ പോരാടുമെന്നും രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് കർണാടകയിലെ ഒരു സീറ്റിൽ അട്ടിമറി നടന്നത്. ഒരു മണ്ഡലത്തിൽ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ഓരോ മണ്ഡലത്തിലും ഈ നാടകം നടന്നതായി തനിക്ക് ബോധ്യമുണ്ട്.
ആയിരക്കണക്കിന് വോട്ടർമാരുടെ പേരുകളാണ് പുതുതായി ചേർക്കപ്പെടുന്നത്. 50, 45, 60, 65...ഒക്കെയാണ് ഇവരുടെ പ്രായം. വോട്ടർമാരെ ഒഴിവാക്കൽ, പുതിയ വോട്ടർമാരെ ചേർക്കൽ...ഇതൊക്കെയാണ് നടക്കുന്നത്. ഈ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻമാരെ വെറുതെവിടുമെന്ന് കരുതേണ്ട. തങ്ങൾ ഇതിനെതിരെ ശക്തമായി പോരാടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.