Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധം കാരണം സഭ മൂന്നാം തവണയും മുടങ്ങി. പാർലമെന്റ് നാല് മണിക്ക് വീണ്ടും ചേരും. ഓപറേഷൻ സിന്ദൂരിൽ ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രം അറിയിച്ചു.
പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കൂട്ടക്കൊല നടത്തിയ പഹൽഗാം ഭീകരരെ എന്ത്കൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നായിരുന്നു രാജ്യസഭയിൽ കോൺഗ്രസിൻ്റെ ചോദ്യം.
ഓപറേഷൻ സിന്ദൂറിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാന് പ്രതിപക്ഷം ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാർലമെന്റിൽ ആദ്യമായി ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ വരുന്ന സമ്മേളനമെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
ആദായനികുതി ഭേദഗതി നിയമം പരിശോധിക്കുന്നതിനായി രൂപീകരിച്ച സെലക്‌ട് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിക്കും. ഫെബ്രുവരി 13ന് ലോക്‌സഭയിൽ അവതരിപ്പിച്ച പുതിയ ആദായനികുതി ബിൽ സെലക്‌ട് കമ്മിറ്റിക്ക് വിടുകയായിരുന്നു. ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് വർമ്മയുടെ ഇംപീച്ച്മെന്റ് എല്ലാ കക്ഷികളും ഒന്നിച്ച് തീരുമാനിക്കേണ്ട വിഷയമാണെന്നും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖർ യാദവിന്റെ ഇഎംപീച്ച്മെന്റും പരിഗണിക്കണമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ ആവശ്യം. ചെറിയരാഷ്ട്രീയ പാർട്ടികൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കും. ബിഹാറിലെ വോട്ടർപട്ടികയിൽ തീവ്ര പരിശോധന, വിദേശനയത്തിലെ പാളിച്ച, അഹമ്മദാബാദ് വിമാനദുരന്തം എന്നിവ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഓഗസ്റ്റ് 21വരെയാണ് സമ്മേളനം.