വിവാഹേതര ബന്ധത്തിന് തടസം; തെലങ്കാനയിൽ മൂന്ന് മക്കളെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
ഹൈദരാബാദ് രംഗറെഡ്ഡി ജില്ലയിലെ മേടക്പള്ളി ഗ്രാമത്തിലാണ് സംഭവം
ഹൈദരാബാദ്: വിവാഹേതര ബന്ധത്തിന് തടസമാകുമെന്ന് കണ്ട് മൂന്നു മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. കൊലപാതകത്തിന് സഹായിച്ച ആൺസുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് രംഗറെഡ്ഡി ജില്ലയിലെ മേടക്പള്ളി ഗ്രാമത്തിലാണ് സംഭവം. മാതാവ് രജിത, കാമുകൻ സുരു ശിവ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ലാവണ്യ എന്നറിയപ്പെടുന്ന രജിത 2013ൽ ഇന്‍റർമീഡിയറ്റ് രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നിലവിലെ ഭര്‍ത്താവ് അവുരിചിന്തല ചെന്നയ്യയെ വിവാഹം കഴിച്ചത്. രജിതയെക്കാൾ 20 വയസ് കൂടുതലുണ്ടായിരുന്നു ചിന്നയ്യക്ക്. ദമ്പതികൾതക്ക് സായ് കൃഷ്ണ(12), മധുപ്രിയ(10), ഗൗതം(8) എന്നിങ്ങനെ മൂന്ന് കുട്ടികളുമുണ്ട്. രംഗറെഡ്ഡി ജില്ലയിലെ തലകൊണ്ടപ്പള്ളി മണ്ഡലത്തിലെ മേദക്പള്ളി ഗ്രാമത്തിൽ നിന്നുള്ള കുടുംബം കഴിഞ്ഞ മൂന്ന് വർഷമായി അമീൻപൂർ ഗ്രാമത്തിലെ ബിരൻഗുഡയിലെ രാഘവേന്ദ്ര കോളനിയിലാണ് താമസിക്കുന്നത്.കുടിവെള്ള ടാങ്കറിന്‍റെ ഡ്രൈവറാണ് ചിന്നയ്യ, രജിത ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയും.
ആറ് മാസങ്ങൾക്ക് മുൻപാണ് പത്താം ക്ലാസ് സംഗമത്തിനിടെ രജിത തന്‍റെ പഴയ സഹപാഠി ശിവയെ കണ്ടുമുട്ടുന്നത്. വാട്ട്സാപ്പ് ചാറ്റുകളിലൂടെയും ഫോൺകോളുകളിലൂടെയും വീഡിയോ കോളുകളിലൂടെയും ഇവരുടെ ബന്ധം വളര്‍ന്നു. രജിതയും ചെന്നയ്യയും തമ്മിലുള്ള പ്രായവ്യത്യാസം വിവാഹത്തിന്‍റെ തുടക്കം മുതൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായിരുന്നു. ഇതിനൊച്ചൊല്ലി ദമ്പതികൾ ഇടയ്ക്കിടെ വഴക്കിട്ടിരുന്നു. ശിവയുമായി കണ്ടുമുട്ടിയതിന് ശേഷം അയാളെ വിവാഹം കഴിക്കണമെന്നായിരുന്നു രജിതയുടെ ആഗ്രഹം. അവിവാഹിതനായ ശിവയോട് അവൾ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ വിവാഹമോചനം നടത്താനും കുട്ടികളെ ഉപേക്ഷിക്കാനും അയാൾ ആവശ്യപ്പെട്ടു. ഇതോടെ കുട്ടികളെ ഇല്ലാതാക്കാൻ രജിത തീരുമാനിക്കുകയായിരുന്നു.
മാര്‍ച്ച് 27ന് വൈകിട്ട് 5 മണിയോടെ മക്കളെ കൊല്ലാനുള്ള തീരുമാനത്തെക്കുറിച്ച് രജിത ശിവയോട് പറഞ്ഞു. ശിവ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ രാത്രിയിൽ, ഭർത്താവ് അത്താഴം കഴിച്ച് രാത്രി 10 മണിയോടെ ടാങ്കറുമായി ചന്ദനഗറിലേക്ക് പോയപ്പോൾ, രജിത ആ അവസരം മുതലെടുത്തു. മൂത്ത മകൻ സായ് കൃഷ്ണയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് മധുപ്രിയയും ഗൗതമിനെയും കൊലപ്പെടുത്തി. ടവ്വൽ കൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് രജിത ഈ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ റിമാൻഡ് ചെയ്യുമെന്നും എസ്പി സ്ഥിരീകരിച്ചു.