'പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നില്ല'; കേന്ദ്ര കമ്മിറ്റി പരാജയമെന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം
തുടർച്ചയായി ഭരണം നേടിയത് കേരളത്തിലെ പാർട്ടിയുടെ വിജയമാണെന്ന് ജാർഖണ്ഡിൽ നിന്നുള്ള പ്രതിനിധി ചർച്ചയിൽ പറഞ്ഞു.
മധുര: രണ്ടു പിണറായി സർക്കാരുകളുടെയും നേട്ടങ്ങൾ ദേശീയതലത്തിൽ പ്രചരിപ്പിക്കാനാവാത്ത കേന്ദ്ര കമ്മിറ്റി പരാജയമാണെന്ന് സിപിഎം പാർട്ടി കോൺഗ്രസിലെ പൊതു ചർച്ചയിൽ വിമർശനം. സർക്കാരിന് നേട്ടങ്ങൾ ഒരുപാടുണ്ടെന്ന് പറയുന്നു. എന്നാൽ ഉത്തരേന്ത്യയിൽ അത് എത്തിക്കാൻ കേന്ദ്ര കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് യുപിയിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചത്.
രാഷ്ട്രീയ അവലോകന റിപ്പോർട്ടിലെയും കരട് രാഷ്ട്രീയ പ്രമേയത്തിലേയും ചർച്ചയിൽ പങ്കെടുത്ത് കേരളത്തിൽനിന്ന് ആദ്യം സംസാരിച്ചത് കെ.കെ രാഗേഷ് ആണ്. കെ ഫോണും കെ സ്മാർട്ടും അടക്കമുള്ള പിണറായി സർക്കാരിന്റെ വികസന പദ്ധതികൾ രാജ്യവ്യാപകമായി പ്രചരിപ്പിക്കണമെന്ന് രാഗേഷ് ചർച്ചയിൽ പറഞ്ഞു. ഇതിനു പിന്നാലെ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച യുപിയിൽ നിന്നുള്ള പ്രതിനിധിയാണ് പിണറായി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഒന്നും ഉത്തരേന്ത്യയിൽ എത്തുന്നില്ലെന്ന് പറഞ്ഞത്.
പിണറായി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന നേതാക്കളും എല്ലാം പറയുന്നുണ്ട്. എന്നാൽ ഇത് കേരളത്തിന് പുറത്തേക്കു അറിയുന്നില്ലെന്നാണ് യുപി പ്രതിനിധി പറഞ്ഞത്. വികസന നേട്ടങ്ങൾ ഉത്തരേന്ത്യയിൽ അടക്കം എത്തിക്കുന്നതിന് കേന്ദ്ര കമ്മിറ്റി പരാജയപ്പെട്ടുവെന്നും വിമർശനമുയർന്നു.
അതേസമയം, പൊതു ചർച്ചയിൽ കേരളത്തിന് പ്രശംസയും ഉണ്ടായി. തുടർച്ചയായി ഭരണം നേടിയത് കേരളത്തിലെ പാർട്ടിയുടെ വിജയമാണെന്ന് ജാർഖണ്ഡിൽ നിന്നുള്ള പ്രതിനിധി ചർച്ചയിൽ പറഞ്ഞു. തെലങ്കാനയിൽ സഖ്യം ഉണ്ടാക്കാൻ സിപിഐയുമായി രണ്ടു തവണ ചർച്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് അവർ സഹകരിച്ചില്ലെന്ന് അവിടെ നിന്നുള്ള പ്രതിനിധി വിമർശനം ഉയർത്തി. സിപിഐയുമായി ധാരണ ഉണ്ടാക്കാൻ രണ്ട് പാർട്ടിയുടെയും ജനറൽ സെക്രട്ടറിമാർ ഉടൻതന്നെ ചർച്ച നടത്തണമെന്നും തെലങ്കാന പ്രതിനിധി പറഞ്ഞു.