വഖഫ് ബിൽ : മതേതരകക്ഷികൾ രാഷ്ട്രീയമായും നിയമപരമായും നേരിടണം - ഐഎസ്എം
സഭയിലെ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം മതേതര സമൂഹത്തിന് ഉണ്ടാക്കിയ അസംതൃപ്തി മുഖവിലക്കെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കണമെന്നും ഐഎസ്എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.
കോഴിക്കോട്: അര ദിനം നീണ്ട ചൂടേറിയ ചർച്ചകൾക്കൊടുവിൽ സഭാ ചരിത്രത്തിൽ ഒരു കറുത്ത ഏട് തുന്നി ചേർത്ത് കുപ്രസിദ്ധ വഖഫ് ബില്ല് പാർലമെൻ്റിൽ പാസായി. നമ്മുടെ രാജ്യം ഉയർത്തിപ്പിടിക്കുന്ന അതി മഹത്തായ മതേതര മൂല്യങ്ങൾ തകർത്തെറിയാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്ക് ചില സോ കാൾഡ് മതേതര കക്ഷികളുടെ പിന്തുണ ലഭിച്ചു എന്ന ദുഃഖം മാറ്റി നിർത്തിയാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഭരണ കക്ഷി ഏറെ വിയർത്തു പസ്സാക്കിയ ബില്ലാണിത്.
മുസ് ലിം സമൂഹത്തിന്റെ മതപരമായ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് ഈ ബില്ല് എന്ന് തിരിച്ചറിഞ്ഞു ശക്തമായി എതിർത്ത എല്ലാ പ്രതിപക്ഷ കക്ഷികളോടും ഉള്ള കടപ്പാട് മുസ് ലിം സമൂഹത്തിന് എന്നുമുണ്ടാവും. അപ്പം ചുട്ടെടുക്കുന്ന പോലെ അത്ര എളുപ്പത്തിലൊന്നും ഈ ബില്ല് പ്രാബല്യത്തിൽ വരുത്താൻ സർക്കാറിനാവില്ല. നിയമത്തിൻ്റെ കടമ്പകൾ കൂടി കടക്കണം. ഈ ബില്ലിനെ സുപ്രിംകോടതിയിൽ നേരിടുമെന്ന് മുസ് ലിം ലീഗും എം.കെ സ്റ്റാലിനും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. മൗലികാവകാശ ലംഘനകങ്ങൾക്ക് നമ്മുടെ കോടതികൾ കൂട്ടുനിൽക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം. പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ ഈ സന്ദർഭം ഉപകരിച്ചു എന്നതിൽ സംശയമില്ല. സഭയിലെ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം മതേതര സമൂഹത്തിന് ഉണ്ടാക്കിയ അസംതൃപ്തി മുഖവിലക്കെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കണമെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.