നെഹ്‌റുവിന്റെ പ്രബന്ധങ്ങള്‍ തിരികെ നല്‍കണം; സോണിയ ഗാന്ധിക്ക് കത്തയച്ച് പിഎംഎംഎല്‍

ഗവേഷണ ആവശ്യങ്ങള്‍ക്ക് പ്രബന്ധങ്ങള്‍ തിരികെ നല്‍കണമെന്നാണ് പിഎംഎംഎല്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Update: 2025-04-03 13:16 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ കൈവശമുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രബന്ധങ്ങള്‍ തിരികെ നല്‍കണമെന്ന് പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി (പിഎംഎംഎല്‍). ഇത് സംബന്ധിച്ച് പിഎംഎംഎല്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു.

കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലായിരുന്ന ഈ പ്രബന്ധങ്ങള്‍ 2008 മെയ് മാസത്തില്‍ സോണിയ ഗാന്ധി തിരികെ വാങ്ങിയിരുന്നു. പുതുതായി രൂപീകരിച്ച പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ ആദ്യ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി പ്രബന്ധങ്ങള്‍ തിരികെ നല്‍കണമെന്ന് പിഎംഎംഎല്‍ കത്തില്‍ പറഞ്ഞു. സൊസൈറ്റിയുടെ ആവശ്യത്തോട് സോണിയ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗവേഷണ ആവശ്യങ്ങള്‍ക്ക് പ്രബന്ധങ്ങള്‍ തിരികെ നല്‍കണമെന്നാണ് പിഎംഎംഎല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നെഹ്‌റുവുമായി ബന്ധപ്പെട്ട തങ്ങള്‍ക്ക് അറിയാത്ത മറ്റെന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ അവ കൂടി ഗവേഷണ ആവശ്യങ്ങള്‍ക്ക് നല്‍കണമെന്നും പിഎംഎംഎല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നെഹ്‌റുവിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള പ്രബന്ധങ്ങളുടെ ശേഖരമാണ് സോണിയ ഗാന്ധി നേടിയത്. 51 ബോക്‌സുകളില്‍ ആയുള്ള പ്രബന്ധങ്ങളുടെ ശേഖരമായിരുന്നു ഇത്.

നെഹ്‌റുവിന്റെ അനന്തരാവകാശിയായിരുന്ന ഇന്ദിരാഗാന്ധി 1971ലാണ് കേന്ദ്രസര്‍ക്കാരിന് ഈ പ്രബന്ധങ്ങള്‍ സംഭാവന ചെയ്തത്. നിയമപ്രകാരം സോണിയ ഗാന്ധിയാണ് ഇപ്പോള്‍ അനന്തരാവകാശി. എഡ്വിന്‍ മൗണ്ട് ബാറ്റണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജയപ്രകാശ് നാരായണ്‍, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്ജീവന്‍ റാം, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയ പ്രമുഖരും നെഹ്‌റുവും തമ്മിലുള്ള കത്തിടപാടുകള്‍ ഈ ശേഖരത്തിലുണ്ട്.


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News