'മുസ്‍ലിംകളെ വെറുക്കുന്നുണ്ടെങ്കിൽ ബിജെപി പാർട്ടി പതാകയിൽ നിന്ന് പച്ച നിറം നീക്കം ചെയ്യണം': ഉദ്ധവ് താക്കറെ
ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
മുംബൈ: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ബിജെപിയും സഖ്യകക്ഷികളും കാണിച്ച ആശങ്ക പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ ലജ്ജിപ്പിക്കുമെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ. ബില്ലിലെ ബിജെപിയുടെ വഞ്ചനാപരമായ നിലപാടിനെയും ഭൂമി പിടിച്ചെടുത്ത് അവരുടെ വ്യവസായി സുഹൃത്തുക്കൾക്ക് നൽകാനുള്ള അവരുടെ തന്ത്രത്തെയും തന്‍റെ പാര്‍ട്ടി എതിർത്തുവെന്ന് ലോക്സഭ ബിൽ പാസാക്കി മണിക്കൂറുകൾക്ക് ശേഷം നടന്ന പത്രസമ്മേളനത്തിൽ താക്കറെ വ്യക്തമാക്കി.
ബിജെപി കേന്ദ്രത്തിൽ മൂന്നാം തവണയും അധികാരത്തിലെത്തിയെന്നും കാര്യങ്ങൾ നന്നായി പോകുന്നുണ്ടെന്നും മുൻ ബിജെപി സഖ്യകക്ഷിയായ താക്കറെ പറഞ്ഞു. എന്നിട്ടും അവർ ഹിന്ദു-മുസ്‍ലിം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുകയാണ്. മുസ്‍ലിംകളെ വെറുക്കുന്നുണ്ടെങ്കിൽ പാർട്ടിയുടെ പതാകയിൽ നിന്ന് പച്ച നിറം നീക്കം ചെയ്യാൻ അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചു. യുഎസ് തീരുവകളുടെ വരാനിരിക്കുന്ന അപകടത്തെക്കുറിച്ചും അത് ലഘൂകരിക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറയണമായിരുന്നുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
താക്കറെയുടെ പ്രസ്താവനക്കെതിരെ ബിജെപി എംഎൽഎ അതുൽ ഭട്ഖൽക്കർ രംഗത്തെത്തി. "ഉദ്ധവ് താക്കറെയുടെ മാനസിക നില തെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. അദ്ദേഹം ഹിന്ദുത്വം ഉപേക്ഷിച്ചു, പക്ഷേ തന്‍റെ രാഷ്ട്രീയത്തിന് പുതിയൊരു അടിത്തറ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ, അദ്ദേഹം രാഹുൽ ഗാന്ധിയുടെ വ്യാജ മതേതരത്വത്തെ പിന്തുടരുകയാണ്," ഭട്ഖൽക്കര്‍ പറഞ്ഞു.
അതേസമയം ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിൽ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെന്‍ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മുനമ്പം വിഷയം ഇന്നും മന്ത്രി ആവർത്തിച്ചു. രാജ്യസഭയിലും ബില്ലിന്മേൽ വിശദമായ ചർച്ചകൾ നടക്കും.