വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധം; മുതിർന്ന നേതാവ് മുഹമ്മദ് ഖാസിം അൻസാരി ജെഡിയു വിട്ടു
ജീവിതത്തിലെ നിരവധി വർഷങ്ങൾ പാർട്ടിക്കായി നൽകിയതിൽ നിരാശനാണെന്ന് പാർട്ടി അധ്യക്ഷൻ നിതീഷ് കുമാറിന് അയച്ച കത്തിൽ അൻസാരി പറഞ്ഞു.
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് മുഹമ്മദ് ഖാസിം അൻസാരി ജെഡിയു വിട്ടു. കഴിഞ്ഞ ദിവസം വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ജെഡിയു അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.
താങ്കൾ ഒരു മതേതര നിലപാടുള്ള നേതാവാണ് എന്നാണ് താനും രാജ്യത്തെ ലക്ഷക്കണക്കിന് മുസ്‌ലിംകളും വിശ്വസിച്ചിരുന്നത്. വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിലൂടെ ആ വിശ്വാസം തകർന്നുവെന്ന് നിതീഷ് കുമാറിന് അയച്ച കത്തിൽ അൻസാരി പറഞ്ഞു. ബില്ലിനെ അനുകൂലിച്ച ജെഡിയു നിലപാടിനെ ശക്തമായി വിമർശിച്ച ഖാസിം അൻസാരി പാർട്ടി നിലപാട് തന്നെയും രാജ്യത്തെ മുസ് ലിംകളെയും വേദനിപ്പിച്ചെന്നും വ്യക്തമാക്കി. തന്റെ ജീവിതത്തിലെ നിരവധി വർഷങ്ങൾ പാർട്ടിക്ക് വേണ്ടി നൽകിയതിൽ താൻ നിരാശനാണെന്നും അൻസാരി പറഞ്ഞു.
Senior JD(U) leader Mohammed Qasim Ansari resigns from the party and all his posts over the party's stand on #WaqfAmendmentBill
— ANI (@ANI) April 3, 2025
"...I am disheartened that I gave several years of my life to the party," his letter reads. pic.twitter.com/1Gzc4w2OjM
12 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം ഇന്ന് പുലർച്ചെയോടെയാണ് വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച് ഭേദഗതികളെല്ലാം തള്ളി 232ന് എതിരെ 288 വോട്ടുകൾക്കാണ് വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്.