Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബെംഗളൂരു: ഭര്‍ത്താവ് 'കൊലപ്പെടുത്തിയ ഭാര്യ' ജീവനോടെ കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കൊലപാതകക്കേസില്‍ നിന്ന് ഭര്‍ത്താവിന് മോചനം. കര്‍ണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. ഒന്നര വര്‍ഷത്തോളമാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുശാല്‍നഗര്‍ സ്വദേശിയായ സുരേഷ് ജയില്‍വാസം അനുഭവിച്ചത്.
കര്‍ണാടകയിലെ മൈസൂരു സെഷന്‍സ് കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 17ന് മുമ്പ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയോട് കോടതി നിര്‍ദേശിച്ചു. നിരപരാധിയെ ഇത്രകാലം ജയിലിലിട്ടത് പൊലീസിന്റെ പിടിപ്പുകേടാണെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
തന്റെ ഭാര്യ മല്ലിഗയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുരേഷ് 2020 ഡിസംബറില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. പിന്നീട് പൊലീസ് കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബെട്ടഡാരപുരയെന്ന സ്ഥലത്ത് നിന്ന് സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം പൊലീസ് കണ്ടെടുത്തു.
അസ്ഥികൂടം മല്ലിഗയുടേതാണെന്നും സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാടകം കളിച്ചതാണെന്നും പൊലീസ് ആരോപിച്ചു. പിന്നീട് പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്യുകയും പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സുരേഷിനെ ശിക്ഷിക്കാന്‍ കോടതി വിധിച്ചു.
ഏപ്രില്‍ ഒന്നിന് കേസിലെ സാക്ഷിയും സുരേഷിന്റെ സുഹൃത്തുമായ വ്യക്തി മടിക്കേരിയിലെ ഹോട്ടലില്‍ മറ്റൊരു പുരുഷനൊപ്പമിരുന്ന് മല്ലിഗ ഭക്ഷണം കഴിക്കുന്നത് കാണുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് വിവരം കോടതിയിലും അറിയിച്ചു. താന്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയതാണെന്നും അയാളെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും മല്ലിഗ പറഞ്ഞു.
ഇതോടെ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി. ഇതിനിടെ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടില്‍ അസ്ഥികൂടം മല്ലിഗയുടേതല്ലന്നും സ്ഥിരീകരണമുണ്ടായി.