ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസമേഖലയിലെ വിവിധ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ തുടങ്ങിവെച്ച സമരം 35-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജന്തർ മന്തറിൽ സമാധാനപരമായി ആരംഭിച്ച സമരത്തിന് നേരെ ഡൽഹി പൊലീസ് അസഹിഷ്ണുതയോടെ ലാത്തി വീശിയതിന് പിന്നാലെ, സമരാഗ്നി രാജ്യമെമ്പാടുമുള്ള വിദ്യാർഥികളെയും ജനാധിപത്യവിശ്വാസികളെയും ഒരുപോലെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളേറെയും വിഷയം റിപ്പോർട്ട് ചെയ്യാൻ മടിച്ചുനിൽക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മുന്നോട്ടുനീങ്ങുകയാണ് ജന്തർ മന്തറിലെ വിദ്യാർഥിക്കൂട്ടം.
ഇതാദ്യമായല്ല ഡൽഹിയിലെ ജന്തർ മന്തറിൽ രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടുള്ള സമരം അരങ്ങേറുന്നത്. പൗരത്വസമരങ്ങളടക്കം രാജ്യത്തെ വിവിധ വിഷയങ്ങളിൽ ജനാധിപത്യപരമായ സമരങ്ങൾ അരങ്ങേറിയ ഇടമാണ് ജന്തർ മന്തർ. വർഷങ്ങൾക്ക് മുൻപ് വെറുമൊരു നിരീക്ഷണകേന്ദ്രം മാത്രമായിരുന്ന ജന്തർ മന്തർ ഇന്ത്യയിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കായുള്ള ഏറ്റവും പ്രശസ്തമായ വിലാസമായി മാറിയതെങ്ങനെയെന്ന് പരിശോധിക്കാം.
1731-ൽ മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷായുടെ ഭരണകാലത്ത് രജ്പുത് ഭരണാധികാരിയായ മഹാരാജാ സവായ് ജയ് സിങ് രണ്ടാമനാണ് ജന്തർ മന്തർ നിർമ്മിച്ചത്. ഇന്ത്യയിൽ അദ്ദേഹം നിർമ്മിച്ച അഞ്ച് നിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണിത്. ആകാശഗോളങ്ങളുടെ ചലനങ്ങൾ പഠിക്കാനും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ മെച്ചപ്പെടുത്താനുമാണ് ഇത് രൂപകൽപ്പന ചെയ്തിരുന്നത്. ചരിത്രകാരനായ റാണ സഫ്വി തന്റെ പുസ്തകമായ ‘ഷാജഹാനബാദ്: ദ ലിവിംഗ് സിറ്റി ഓഫ് ഓൾഡ് ഡെൽഹി’യിൽ വ്യക്തമാക്കുന്നത് പോലെ, സമയം അളക്കാനും സൂര്യന്റെയും ഗ്രഹങ്ങളുടെയും ചലനങ്ങൾ ട്രാക്ക് ചെയ്യാനും ജ്യോതിശാസ്ത്ര സ്ഥാനങ്ങൾ കണക്കാക്കാനുമായി സമ്രാട്ട് യന്ത്രം, ജയ് പ്രകാശ്, റാം യന്ത്രം, മിശ്ര യന്ത്രം തുടങ്ങിയ വലിയ കൽ നിർമ്മിതികൾ ഇവിടെയുണ്ടായിരുന്നു.
നൂറ്റാണ്ടുകളായി പാർലമെന്റിനും സർക്കാർ ഓഫീസുകൾക്കും കൊണാട്ട് പ്ലേസിനും സമീപമുള്ള, തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഈ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥാനം, ഇതിനോട് ചേർന്നുള്ള പാതയ്ക്ക് സവിശേഷമായൊരു പേരും വിലാസവും നൽകുകായിരുന്നു. പാർലമെന്‍റിന്‍റെ സമീപത്തെങ്കിലും എല്ലായ്പ്പോഴും ഡൽഹിയുടെ പ്രധാന പ്രതിഷേധ വേദിയായി ആദ്യകാലങ്ങളിൽ പലരും ഇതിനെ പരിഗണിച്ചിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശകങ്ങളിൽ, ഇന്ത്യ ഗേറ്റിന് സമീപമുള്ള ബോട്ട് ക്ലബ് ലോൺസിലായിരുന്നു തലസ്ഥാനത്തെ ഏറ്റവും വലിയ പ്രകടനങ്ങൾ നടന്നിരുന്നത്. പല ഗ്രൂപ്പുകളും മന്ത്രിമാരെ കണ്ട് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനായി ചെങ്കോട്ടയ്ക്ക് പിന്നിൽ ദിവസങ്ങളോ ആഴ്ചകളോ ക്യാമ്പ് ചെയ്തിരുന്നു.
1980-കളുടെ അവസാനത്തിൽ മഹേന്ദ്ര സിങ് ടികായത്തിന്റെ നേതൃത്വത്തിലുള്ള വൻ കർഷക പ്രക്ഷോഭത്തിന് ശേഷം ഈ രീതി മാറിയതായി 2018-ലെ സുപ്രിംകോടതി വിധി കണ്ണോടിച്ചാൽ അറിയാനാകും. സുരക്ഷയും ക്രമസമാധാന പ്രശ്നങ്ങളും മുൻനിർത്തി അധികാരികൾ ബോട്ട് ക്ലബിലെ പ്രകടനങ്ങൾക്ക് ക്രമേണ നിയന്ത്രണങ്ങളേർപ്പെടുത്തുകയുണ്ടായി. 1993 ആയപ്പോഴേക്കും ഡൽഹിയിലെ ജനങ്ങൾക്ക് ധർണ്ണകളും പ്രകടനങ്ങളും നടത്താൻ കഴിയുന്ന പ്രത്യേക വേദിയായി ജന്തർ മന്തർ റോഡ് പതിയെ മാറുകയായിരുന്നു.
തൊഴിലാളി യൂണിയനുകൾ, കർഷകർ, വിദ്യാർഥികൾ, പെൻഷൻകാർ, വിമുക്തഭടന്മാർ, കുടിയൊഴിക്കപ്പെട്ട സമൂഹങ്ങൾ, ആക്ടിവിസ്റ്റുകൾ, നീതി തേടുന്ന കുടുംബങ്ങൾ എന്നിവർ ഒത്തുകൂടാൻ തുടങ്ങിയതോടെ, 18-ാം നൂറ്റാണ്ടിലെ നിരീക്ഷണ കേന്ദ്രത്തോടു ചേർന്നുള്ള ഈ പാത രാജ്യത്തെ ഏറ്റവും പ്രശസ്തമായ സമാധാനപരമായ പ്രതിഷേധ വിലാസമായി വളർന്നു.
ഏകദേശം 25 വർഷത്തോളം ഈ സംവിധാനം തുടർന്നു. എന്നാൽ, ജന്തർ മന്തർ റോഡിലെ താമസക്കാർ നാഷണൽ ഗ്രീൻ ട്രീബ്യൂണലിനെ (NGT) സമീപിക്കുകയും, തങ്ങളുടെ റെസിഡൻഷ്യൽ പ്രദേശം യഥാർത്ഥത്തിൽ ഒരു സ്ഥിരം പ്രതിഷേധ വേദിയായി മാറിയെന്ന് വാദിക്കുകയും ചെയ്തു. സമരക്കാർ ആഴ്ചകളോ മാസങ്ങളോ അവിടെ തുടരുന്നുവെന്നും താൽക്കാലിക നിർമ്മിതികളും ടെന്റുകളും സ്ഥാപിക്കുന്നുവെന്നും, ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നുവെന്നും, മാലിന്യങ്ങൾ അവശേഷിപ്പിച്ച് ദൈനംദിന ജീവിതം തടസ്സപ്പെടുത്തുന്നുവെന്നും അവർ പരാതിപ്പെട്ടു. താമസക്കാരുടെ ഈ വാദം അംഗീകരിച്ച നാഷണൽ ഗ്രീൻ ട്രീബ്യൂണൽ, 2017 ഒക്ടോബറിൽ ജന്തർ മന്തറിലെ പ്രതിഷേധങ്ങൾ നിർത്തിവെക്കാനും റാംലീല മൈതാനത്തേക്ക് മാറ്റാനും ഉത്തരവിട്ടു. എന്നിരുന്നാലും, മസ്ദൂർ കിസാൻ ശക്തി സംഘട്ടൻ (MKSS), കർഷക സംഘടനകൾ, ഇന്ത്യൻ എക്സ്-സർവീസസ് മൂവ്മെന്റ് എന്നിവർ ഈ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ചു.
പ്രതിഷേധങ്ങൾക്ക് മേലുള്ള പൂർണ്ണ നിരോധനം സമാധാനപരമായി ഒത്തുകൂടാനുള്ള പൗരന്മാരുടെ മൗലികാവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്നും, പ്രകടനങ്ങളെ പാർലമെന്റിൽ നിന്നും ഭരണ സിരാകേന്ദ്രത്തിൽ നിന്നും അകറ്റുമെന്നും അവർ വാദിച്ചു. ഇത് പ്രതിഷേധങ്ങളെ ജനശ്രദ്ധയിൽ പെടാത്തതും പ്രത്യേകിച്ച് പാവപ്പെട്ട പ്രതിഷേധക്കാർക്ക് കൂടുതൽ ദുഷ്കരവുമായ ഒന്നാക്കി മാറ്റുമെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇതേതുടർന്ന്, 2018 ജൂലൈ 23-ന് സുപ്രിംകോടതി ഈ രണ്ട് അവകാശവാദങ്ങൾക്കുമിടയിൽ തുല്യത പാലിച്ചുകൊണ്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു. താമസക്കാർക്ക് സമാധാനപരമായ ജീവിക്കാനുള്ള അന്തരീക്ഷത്തിന് അവകാശമുണ്ടെങ്കിലും, പൗരന്മാർക്ക് സമാധാനപരമായ പ്രതിഷേധത്തിനുള്ള മൗലികാവകാശവുമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജന്തർ മന്തറിലെ പ്രകടനങ്ങൾ പൂർണ്ണമായി നിരോധിക്കുന്നതിന് പകരം, ചില മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അവ നിയന്ത്രിക്കാൻ അധികാരികളോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.
ഇന്ന്, ജന്തർ മന്തർ റോഡിൽ 1,000 പേർ വരെയുള്ള പ്രതിഷേധങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളേണ്ട ഒത്തുകൂടലുകൾ റാംലീല മൈതാനത്താണ് നടത്തേണ്ടത്. കൂടാതെ മുൻകൂർ പൊലീസ് അനുമതി നിർബന്ധമാക്കുകയും ആൾക്കൂട്ടത്തിന്റെ അളവ്, സമയം, ശുചിത്വം, ശബ്ദ പരിധി, ഗതാഗത നിയന്ത്രണം, ക്രമസമാധാനം, സംഘാടകരുടെ ഉത്തരവാദിത്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പാലിച്ചുവേണം സമരം സംഘടിപ്പിക്കാൻ.
ഡൽഹിയിലെ പൊതുപ്രതിഷേധങ്ങളുടെ പാരമ്പര്യം ദശകങ്ങൾ പഴക്കമുള്ളതാണെന്ന് ചരിത്രകാരനായ സുഹൈൽ ഹാഷ്മി പറയുന്നുണ്ട്. 'ഡൽഹിക്ക് എപ്പോഴുമൊരു പൊതുപ്രതിഷേധ പാരമ്പര്യമുണ്ട്. 1960-കളിൽ വലിയ പ്രകടനങ്ങൾ ബോട്ട് ക്ലബ് മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള പ്രദേശം നിറഞ്ഞിരുന്നു. മന്ത്രിമാർ തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ വരുന്നതുവരെ പല പ്രതിഷേധക്കാരും ചെങ്കോട്ടയ്ക്ക് പിന്നിൽ ദിവസങ്ങളോ ആഴ്ചകളോ ക്യാമ്പ് ചെയ്തിരുന്നു'. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹാഷ്മി വ്യക്തമാക്കി.
'ജന്തർ മന്തർ എപ്പോഴും ജനാധിപത്യപരമായ വിയോജിപ്പുകളുടെ പ്രതീകമാണ്. 1990-കളുടെ തുടക്കത്തിൽ സുരക്ഷയും ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് സർക്കാർ പ്രതിഷേധങ്ങളെ വളരെ ചെറിയ ജന്തർ മന്തർ പ്രദേശത്തേക്ക് പരിമിതപ്പെടുത്തി. ചെറിയ ആൾക്കൂട്ടങ്ങളായോ ഗ്രൂപ്പുകളായോ ആളുകൾ അപ്പോഴും പ്രതിഷേധത്തിനായി അവിടേക്ക് എത്തിച്ചേരാറുണ്ടായിരുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.