വിമാനക്കമ്പനി തുടങ്ങാന്‍ പദ്ധതിയില്ലെന്ന് അദാനി

അദാനി, ജിഎംആര്‍ ഗ്രൂപ്പുകള്‍ക്ക് എയര്‍ലൈന്‍ സര്‍വീസ് നടത്താനായി ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍

Update: 2026-07-24 03:23 GMT

ന്യൂഡല്‍ഹി: വിമാനക്കമ്പനി തുടങ്ങാന്‍ പദ്ധതിയില്ലെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അത്തരത്തില്‍ ഒരു പദ്ധതിയും തങ്ങളുടെ പരിഗണനയില്‍ ഇല്ലെന്ന് കമ്പനി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

അദാനി, ജിഎംആര്‍ ഗ്രൂപ്പുകള്‍ക്ക് എയര്‍ലൈന്‍ സര്‍വീസ് നടത്താനായി ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് എയര്‍ലൈന്‍ സര്‍വീസ് നടത്താന്‍ അധികാരമില്ല. ഈ ചട്ടത്തിലെ ഭേദഗതിക്കാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. വ്യോമയാനമന്ത്രാലയം ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും കാബിനറ്റിന്‍േറയും നിയമമന്ത്രാലയത്തിന്‍േറയും അനുമതി ലഭിച്ചാല്‍ ഇത് യാഥാര്‍ഥ്യമാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ തള്ളിയാണ് അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമയാനമേഖലയില്‍ ഇപ്പോള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ആഭ്യന്തര വിമാനസര്‍വീസുകളില്‍ 90 ശതമാനവും ഈ രണ്ട് കമ്പനികളുടെ കൈയിലാണ്. വ്യോമയാന മേഖലയിലെ ഈ രണ്ട് കമ്പനികളുടെ ആധിപത്യം കൂടി പൊളിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News