വഖഫ് ഭേദഗതി​ നിയമത്തിനെതിരെ പ്രതിഷേധം; ബിഹാറിൽ ഐപിഎസ് ഉദ്യോഗസ്ഥൻ രാജിവച്ചു

രാജിക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു

Update: 2025-04-19 05:41 GMT
Advertising

പട്ന : വഖഫ് ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ജോലി രാജിവച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ. ബിഹാറിലെ സിതാമർഹിയിൽ നിന്നുമുള്ള നൂറുൽ ഹുദയാണ് രാജിവച്ചത്. 1995 ഐപിഎസ് ബാച്ച് അംഗമാണ്.

വിരമിക്കലിന് അഞ്ച് വർഷം ബാക്കിയിരിക്കെയാണ് ഇദ്ദേഹത്തിന്റെ രാജി. നീണ്ട 28 വർഷത്തെ പൊലീസ് ജീവിതം മതിയാക്കിയതിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടുവക്കുകയും ചെയ്തു. മുൻ മന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ മുകേഷ് സഹ്നിയുടെ വികശീൽ ഇൻസാൻ പാർട്ടിയിലാണ് അംഗത്വമെടുത്തത്.

1995ൽ ഐപിഎസിൽ ചേർന്ന നൂറുൽ ഹുദ ധൻബാദ്, ഡൽഹി, അസൻസോൾ തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഓഫീസറാണ്. റെയിൽവേ സുരക്ഷാ, നക്സൽ കൺട്രോൾ തുടങ്ങിയ മേഖലകളിൽ ഇദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. കർമനിരതമായ ജീവിതത്തിൽ രണ്ട് വിശിഷ്ട സേവന മെഡലും രണ്ട് ഡയറക്ടർ ജനറൽ ചക്രയും നേടിയിട്ടുണ്ട്. സർവീസ് കാലയളവിൽ തന്റെ നാട്ടിലെ മുന്നൂറോളം വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി വന്നിരുന്ന നൂറുൽ ഹുദ മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയാണ്.

രാഷ്ട്രീയ മേഖല തന്റെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സാണെന്നും ഇനി തന്റെ ജനങ്ങൾക്ക് വേണ്ടി പോരാടാൻ ഒരുങ്ങുകയാണെന്നും നൂറുൽ ഹുദ പ്രതികരിച്ചു. ‘സർവീസിൽ ഞാൻ മികച്ചവനായിരുന്നു, അത് പോലെ തന്നെയായിരിക്കും ഇവിടെയും. പൊലീസ് സർവീസിൽ കാണിച്ച അതേ ആത്മാർഥതയും ഊർജ്ജവും രാഷ്ട്രീയത്തിലും ഞാൻ കാണിക്കും’ -നൂറുൽ ഹുദ പറഞ്ഞു. തന്റെ ഗ്രാമത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുടങ്ങാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു. വഖഫ് ഭേദഗതി നിയമം ഭരണഘടന മുൻനിർത്തി നടപ്പാക്കേണ്ട നിയമമാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ സംസാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News