Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: 2010 സെപ്തംബര്‍ 29നാണ് ഇന്ത്യയിലെ ആദ്യ ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ തുബ്ലി ഗ്രാമത്തിലെ രഞ്ജന സോനാവനെയാണ് കാര്‍ഡ് ഏറ്റുവാങ്ങിയത്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുമടക്കമുള്ളവര്‍ സന്നിഹിതരായ വേദിയില്‍വെച്ചായിരുന്നു രഞ്ജന സോനാവനെയ്ക്ക് രാജ്യത്തെ ആദ്യ ആധാര്‍ കാര്‍ഡ് സമ്മാനിക്കപ്പെട്ടത്.
അന്ന് എല്ലാ ആനുകൂല്യങ്ങളിലേക്കുമുള്ള താക്കോല്‍ എന്ന തരത്തിലാണ് ആധാര്‍ വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍, 15 വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ പദ്ധതിയുടെ അനുകൂലമായി കിട്ടേണ്ട 1500 രൂപ പോലും രഞ്ജനയ്ക്ക് ലഭിക്കുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ തെംബ്ലി ഗ്രാമത്തിലെ ആ ചടങ്ങോടെയാണ് രാജ്യത്തെ ആധാര്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത്. അതോടെ രഞ്ജന സോനാവണെ എന്ന പേര് ആളുകള്‍ തിരിച്ചറിഞ്ഞു. ഈ കാര്‍ഡോടെ തന്റെ ജീവിതം മാറുകയാണെന്നും ക്ഷേമപദ്ധതികളില്‍ തനിക്ക് വലിയ പരിഗണന കിട്ടുമെന്നുമെല്ലാം രഞ്ജന കരുതി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. 15 വര്‍ഷം മുമ്പ് ലഭിച്ച ആധാര്‍ കാര്‍ഡ് കൊണ്ട് ഒരു ക്ഷേമവും തനിക്കുണ്ടായില്ലെന്നാണ് 54കാരിയായ ഇവര്‍ പറയുന്നത്.
മഹാരാഷ്ട്രാ സര്‍ക്കാരിന്റെ മയ്യ ലഡ്കി ബഹിന്‍ യോജനയിലേക്ക് രഞ്ജന തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രതിമാസം 1500 രൂപയാണ് ഈ പദ്ധതി വഴി ലഭിക്കുക. സര്‍ക്കാര്‍ രേഖകളില്‍ രഞ്ജനയുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് എല്ലാ മാസവും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നുണ്ട്. എന്നാലത് ലഭിക്കുന്നത് അവര്‍ക്കല്ല. അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്. പക്ഷേ പണം പോകുന്നത് ഒരു സ്വകാര്യ ബാങ്കിലെ മറ്റേതോ ഒരാളുടെ അക്കൗണ്ടിലേക്കാണ്. അതും അവരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതു പരിഹരിക്കാന്‍ വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും രഞ്ജന കയറിയിറങ്ങിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ശരിയാക്കാനും ആധാര്‍ ലിങ്ക് ചെയ്യാനും മറ്റൊരാളുടെ സഹായം തേടിയിരുന്നു. അവര്‍ക്ക് സംഭവിച്ച പിഴവോ അവര്‍ നടത്തിയ തട്ടിപ്പോ ആകാം ഇതിന് കാരണമെന്നാണ് സംശയം. നിരവധി ഗ്രാമീണര്‍ക്ക് ഇതേ അവസ്ഥയുണ്ടെന്നും രഞ്ജന പറഞ്ഞു. പണം അക്കൗണ്ടിലേക്ക് പോയതിനാല്‍ ഇനി തിരിച്ചെടുക്കാനാകില്ലെന്നാണ് ബാങ്കിന്റെ വാദം.