അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്താൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു
ന്യൂ ഡൽഹി: ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം. വിവിധ ഇടങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഇന്ത്യ തകർത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പിൽ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറിയ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.
അമൃത്സറിൽ വീണ്ടും സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ആളുകൾ ലൈറ്റുകൾ അടച്ച് വീടിനകത്ത് തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വൈദ്യുതി പുനസ്ഥാപിച്ചു. ജില്ലയിൽ ജാഗ്രത തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിയന്ത്രണ രേഖയിലും പാക് പ്രകോപനം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇരു രാജ്യങ്ങളുടേയും സൈനിക തലത്തിലെ തുടർ ചർച്ചകൾ നാളെ നടക്കും.
പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് വാർത്താസമ്മേളനം വിളിച്ച് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിർത്തൽ കരാർ ലംഘനത്തിന്, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂർണ്ണ തോതിൽ ചെറുക്കും. ശക്തമായ തിരിച്ചടി നൽകാൻ സേനകൾക്ക് നിർദേശം നൽകിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.
ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയാണ് വ്യക്തമാക്കിയത്. വെടിനിർത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമർ അബ്ദുല്ല ചോദിച്ചു. വെടിനിർത്തൽ ലംഘനത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.