Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: സമീപ ആഴ്ചകളിൽ ഇന്ത്യൻ അധികാരികൾ നൂറുകണക്കിന് ബംഗാളി മുസ്‌ലിംകളെ 'നിയമവിരുദ്ധ കുടിയേറ്റക്കാർ' എന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. 'ഇന്ത്യൻ പൗരന്മാരായ ബംഗാളി മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലൂടെ ഇന്ത്യ ഭരിക്കുന്ന ബിജെപി വിവേചനത്തിന് ആക്കം കൂട്ടുകയാണ്.' ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്സൺ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കണ്ടെത്തലുകൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും പിയേഴ്സൺ പറഞ്ഞു.
'ഇന്ത്യൻ സർക്കാർ പുറത്താക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ മെയ് 7 നും ജൂൺ 15 നും ഇടയിൽ ഇന്ത്യ 1,500-ലധികം മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ബോർഡർ ഗാർഡ് ബംഗ്ലാദേശ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മ്യാൻമറിൽ നിന്നുള്ള ഏകദേശം 100 റോഹിംഗ്യൻ അഭയാർത്ഥികളും ഉൾപ്പെടുന്നു.' ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പത്രക്കുറിപ്പിൽ പറയുന്നു. 2025 മെയ് മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഈ നടപടിയെന്ന് HRW ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശ് അതിർത്തി പ്രദേശത്തുള്ള അസമിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നിന്ന് മെയ് മാസത്തിൽ ഏകദേശം 100 റോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യൻ അധികൃതർ പുറത്താക്കിയാതായി റിപ്പോർട്ടിൽ പറയുന്നു. മ്യാൻമറിന് സമീപമുള്ള 40 റോഹിംഗ്യൻ അഭയാർഥികളെ അധികൃതർ നിർബന്ധിച്ച് ലൈഫ് ജാക്കറ്റുകൾ നൽകി കടലിൽ തള്ളിയതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (OHCHR) റിപ്പോർട്ട് ചെയ്തിരുന്നു. മ്യാൻമറിനെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ടോം ആൻഡ്രൂസ് ഇതിനെ 'മനുഷ്യ മാന്യതക്ക് അപമാനം' എന്നാണ് വിശേഷിപ്പിച്ചത്. റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുന്നത് തടയാനുള്ള അപേക്ഷ ഇന്ത്യൻ സുപ്രിം കോടതി മെയ് ആദ്യത്തിൽ നിരസിച്ചു, ഇന്ത്യൻ നിയമപ്രകാരം അവർ വിദേശികളാണെന്ന് കണ്ടെത്തിയാൽ അവരെ നാടുകടത്തണമെന്നും കോടതി പറഞ്ഞു.