'ഇന്‍സ്റ്റയില്‍ സജീവമാകൂ, ഫോളേവേഴ്സിനെ വര്‍ധിപ്പിക്കൂ' കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശം

ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല

Update: 2026-07-24 16:12 GMT

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ സജീവമാകണമെന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

സര്‍ക്കാര്‍ സംരംഭകളെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്യത്തെ യുവാക്കളിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിക്കാൻ ഇൻസ്റ്റഗ്രാം നല്ലൊരു മാർഗമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കുക, കൃത്യമായ വിവരങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ട് റീല്‍സുകള്‍ അപ്‌ലോഡ് ചെയ്യുക, തുടര്‍ച്ചയായി ആശയവിനിമയം നടത്തുക എന്നീ നിര്‍ദേശങ്ങളും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്.

Advertising
Advertising

അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല. രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

യുവാക്കളുമായുള്ള ബന്ധം സോഷ്യല്‍ മീഡിയയിലൂടെ മെച്ചപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ നീറ്റ് പുനഃപരീക്ഷ കണക്കിലെടുത്ത് പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം കേന്ദ്രം താത്കാലികമായി മരവിപ്പിച്ചിരുന്നു. പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. 

നിലവില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ജന്തര്‍ മന്തറില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ആശയവിനിമയം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിറ്റ് ചാറ്റ് നീക്കം ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

മൊബൈല്‍ നെറ്റ്വര്‍ക്കോ ഇന്റര്‍നെറ്റോ കേന്ദ്രീകൃത സെര്‍വറുകളോ ഇല്ലാതെ തന്നെ ബ്ലൂടൂത്ത് മെഷ് നെറ്റ്വര്‍ക്കുകള്‍ വഴി പിയര്‍-ടു-പിയര്‍ മെസ്സേജിങ് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണ് ബിറ്റ് ചാറ്റ്.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News