മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ഹൃദയശസ്ത്രക്രിയ ചെയ്തു; ഏഴ് രോഗികൾക്ക് ദാരുണാന്ത്യം
'എൻ. ജോൺ കെം' എന്ന പ്രമുഖ ബ്രിട്ടീഷ് ഡോക്ടറുടെ പേരിലാണ് പ്രതിയായ ആൾ ഇവിടെ കാർഡിയോളജിസ്റ്റായി ജോലിക്കു കയറിയത്.
ഭോപ്പാൽ: മധ്യപ്രദേശിലെ സ്വകാര്യ മിഷനറി ആശുപത്രിയിൽ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്ത് വ്യാജ ഡോക്ടർ. ശസ്ത്രക്രിയക്ക് ഇരയായ ഏഴ് രോഗികൾ മരിച്ചു. ദാമോ സിറ്റിയിലെ ക്രിസ്ത്യൻ മിഷനറി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ശസ്ത്രക്രിയക്ക് വിധേയരായ ഏഴ് രോഗികൾ ഒരു മാസത്തിനുള്ളിൽ മരിച്ചതോടെയാണ് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായത്. എൻ. ജോൺ കെം എന്ന പ്രമുഖ ബ്രിട്ടീഷ് ഡോക്ടറുടെ പേരിലാണ് പ്രതിയായ ആൾ ഇവിടെ കാർഡിയോളജിസ്റ്റായി ജോലിക്കു കയറിയത്. ശേഷം ഹൃദ്രോഗികൾക്ക് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. തുടർന്നായിരുന്നു തുടർച്ചയായ മരണം.
ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തി. ഏഴ് പേർ മരിച്ചെന്നത് ഔദ്യോഗിക കണക്കാണെന്നും അനൗദ്യോഗിക എണ്ണം ഇതിലുംകൂടുമെന്നും ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. ദീപക് തിവാരി പറഞ്ഞു. സംഭവത്തിൽ ദീപക് തിവാരി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.
'ശസ്ത്രക്രിയക്ക് ഇരയായ ചില രോഗികൾ തങ്ങളുടെ അടുത്തുവന്ന് കാര്യം പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ ഒരു വ്യാജ ഡോക്ടർ ഉണ്ടെന്ന് മനസിലായത്; യഥാർഥ ആൾ ബ്രിട്ടനിലാണ്. എന്നാൽ ഈ വ്യക്തിയുടെ പേര് നരേന്ദ്ര യാദവ് എന്നാണ്. ഹൈദരാബാദിൽ ഇയാൾക്കെതിരെ ഒരു കേസുണ്ട്. അയാൾ തന്റെ യഥാർഥ രേഖകൾ കാണിച്ചിട്ടില്ല'- തിവാരി പറഞ്ഞു.
സർക്കാരിന്റെ ആയുഷ്മാൻ ഭാരത് സ്കീമിൽ നിന്ന് ആശുപത്രി ഫണ്ട് കൈപ്പറ്റിയിട്ടുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനൂങ്കോ പറഞ്ഞു. 'മിഷനറി ആശുപത്രിയിൽ ഒരു വ്യാജ ഡോക്ടർ രോഗികൾക്ക് ഹൃദയശസ്ത്രക്രിയകൾ നടത്തിയതായി ഞങ്ങൾക്ക് പരാതി ലഭിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിയുമായി മിഷനറി ആശുപത്രിയും ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിനായി സർക്കാരിൽ നിന്ന് പണം വാങ്ങുന്നുണ്ടെന്നും വിവരംകിട്ടി. ഇത് ഗുരുതരമായ പരാതിയാണ്. ഞങ്ങൾ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്'- കനൂങ്കോ വിശദമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള അന്വേഷണ സംഘം ആശുപത്രിയിൽനിന്ന് രേഖകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ആൾമാറാട്ടക്കാരൻ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ രേഖകൾ വ്യാജമായുണ്ടാക്കി ആശുപത്രിയിൽ സമർപ്പിച്ചതായി കണ്ടെത്തി. ഹൈദരാബാദിൽ ഒരു ക്രിമിനൽ കേസുകൾപ്പെടെ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്നും സംഘം കണ്ടെത്തി. മിഷനറി ആശുപത്രിയിൽ ഒന്നിലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദാമോ എസ്പി അഭിഷേക് തിവാരി പറഞ്ഞു.
ബ്രിട്ടീഷ് ഡോക്ടറായ എൻ. ജോൺ കെം ആയി വേഷം കെട്ടിയതിന് മുമ്പും വ്യാജ ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2023 ജൂലൈയിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കലാപം തടയാൻ ഫ്രാൻസിലേക്ക് അയക്കണമെന്ന് ഇയാൾ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് നിരവധി നേതാക്കൾ ഈ ട്വീറ്റിനെ പരിഹസിച്ചിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നിൽക്കുന്ന രീതിയിൽ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും ഇയാൾ തന്റെ വ്യാജ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.