'എനിക്ക് ഇലോണിനെ വേണം'; മസ്കിന്‍റെ കമ്പനികൾ തകര്‍ത്തുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ട്രംപ്
കോടീശ്വരനായ ബിസിനസുകാരനെയും അദ്ദേഹത്തിന്‍റെ ബിസിനസുകളെയും അമേരിക്കക്ക് ആവശ്യമാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു
വാഷിംഗ്ടൺ: അമേരിക്കയിലെ ഇലോൺ മസ്‌കിന്‍റെ കമ്പനികൾ നശിപ്പിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കോടീശ്വരനായ ബിസിനസുകാരനെയും അദ്ദേഹത്തിന്‍റെ ബിസിനസുകളെയും അമേരിക്കക്ക് ആവശ്യമാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഫെഡറൽ സർക്കാരിൽ നിന്ന് മസ്‌കിന്‍റെ കമ്പനികൾക്ക് ലഭിക്കുന്ന കോടിക്കണക്കിന് ഡോളർ സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഈ മാസം ആദ്യം ഭീഷണിപ്പെടുത്തിയിരുന്നു. "യുഎസ് ഗവൺമെന്‍റിൽ നിന്ന് മസ്കിന് ലഭിക്കുന്ന വലിയ തോതിലുള്ള സബ്‌സിഡികൾ മുഴുവനും അല്ലെങ്കിൽ കുറച്ച് എടുത്തുകളഞ്ഞുകൊണ്ട് ഞാൻ അദ്ദേഹത്തിന്‍റെ കമ്പനികളെ നശിപ്പിക്കുമെന്ന് എല്ലാവരും പറയുന്നു. അത് അങ്ങനെയല്ല! ഇലോണും നമ്മുടെ രാജ്യത്തിനുള്ളിലെ എല്ലാ ബിസിനസുകളും അഭിവൃദ്ധി പ്രാപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, മുമ്പൊരിക്കലും ഇല്ലാത്തവിധം അഭിവൃദ്ധി പ്രാപിക്കണം. അവർ എത്ര നന്നായി ചെയ്യുന്നുവോ അത്രയും നന്നായി യുഎസ്എയും പ്രവർത്തിക്കും. അത് നമുക്കെല്ലാവർക്കും നല്ലതാണ്. ഞങ്ങൾ എല്ലാ ദിവസവും റെക്കോർഡുകൾ സൃഷ്ടിക്കുന്നു, അത് അങ്ങനെ തന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു'' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ ഏറ്റവും വലിയ ചിയർ ലീഡർമാരിൽ ഒരാളായി മാറിയ മസ്‌ക്, പ്രചാരണത്തിനായി ഏകദേശം 270 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ((DOGE) ചുമതലയും മസ്കിന് നൽകിയിരുന്നു. എന്നാൽ കുറച്ചു നാളുകളായി ഇരുവരും ഭിന്നതയിലാണ്. നികുതിയുമായി ബന്ധപ്പെട്ട 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' ആണ് മസ്കിനെ ചൊടിപ്പിച്ചത്. പിന്നാലെ ഡോജ് സംവിധാനത്തിന്റെ മേധാവി ചുമതലയില്‍ നിന്നും അദ്ദേഹം രാജിവച്ചിരുന്നു.