40 വർഷത്തെ ജയിൽവാസം; ലെബനീസ് കമ്യുണിസ്റ്റ് നേതാവ് ജോർജ് ഇബ്രാഹിം അബ്ദുല്ല മോചിതനായി

1982-ൽ യുഎസ് നയതന്ത്രജ്ഞൻ ചാൾസ് റേയുടെയും ഇസ്രായേൽ നയതന്ത്രജ്ഞൻ യാക്കോവ് ബർസിമാന്റോവിന്റെയും കൊലപാതകങ്ങളിലും 1984-ൽ യുഎസ് കോൺസൽ ജനറൽ റോബർട്ട് ഹോമിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 1987-ൽ ജോർജ് അബ്ദുല്ലക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്

Update: 2025-07-26 03:32 GMT
Advertising

ബെയ്‌റൂത്ത്: നാല് പതിറ്റാണ്ടുകാലം ഫ്രാൻസ് ജയിലിൽ കഴിഞ്ഞ ഫലസ്തീൻ അനുകൂല ലെബനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ജോർജ് ഇബ്രാഹിം അബ്ദുല്ല ജയിൽ മോചിതനായി. ഇസ്രയേലിന്റെയും അമേരിക്കയുടെയും രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലാണ് 40 വർഷത്തിലേറെയായി ജോർജ് അബ്ദുല്ല ജയിലിൽ കഴിയുന്നത്. 74 വയസുള്ള ജോർജ് അബ്ദുല്ലയെ ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ കുടുംബാംഗങ്ങളും ജനങ്ങളും ഫലസ്തീൻ പതാകകളും ലെബനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പാതകളും വീശിക്കൊണ്ട് സ്വീകരിച്ചു.

'അറബ് ജനതയുടെ മുന്നിൽ വെച്ച് ഫലസ്തീനിലെ കുട്ടികൾ പട്ടിണി കിടന്ന് മരിക്കുകയാണ്. ഇത് ചരിത്രത്തിന് അപമാനമാണ്. ഇസ്രായേൽ അതിന്റെ നിലനിൽപ്പിന്റെ അവസാന അധ്യായങ്ങളിലൂടെയാണ് ജീവിക്കുന്നത്. പ്രതിരോധം തുടരുകയും കൂടുതൽ ശക്തമാക്കുകയും വേണം.' സ്വീകരണത്തിൽ ജോർജ് അബ്ദുല്ല പറഞ്ഞു. പാരിസിൽ യുഎസ് മിലിട്ടറി അറ്റാഷെ ചാൾസ് റോബർട്ട് റേ, ഇസ്രായേൽ നയതന്ത്രജ്ഞൻ യാക്കോവ് ബർസിമന്റോവ് എന്നിവരുടെ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് 1984-ൽ ജോർജ് അബ്ദുല്ലയെ അറസ്റ്റ് ചെയ്യുകയും 1987-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഫ്രാൻസിലേക്ക് ഒരിക്കലും തിരിച്ചുവരരുതെന്ന വ്യവസ്ഥയിൽ ജൂലൈ 25 മുതൽ പ്രാബല്യത്തിൽ അദ്ദേഹത്തെ മോചിപ്പിക്കാൻ പാരിസ് അപ്പീൽ കോടതി ഉത്തരവിട്ടു. 1999 മുതൽ അദ്ദേഹം മോചിതനാകാൻ അർഹനായിരുന്നെങ്കിലും കേസിലെ ഒരു സിവിൽ കക്ഷിയായ അമേരിക്ക അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിനെ നിരന്തരം എതിർത്തതിനാൽ മുൻ അപേക്ഷകൾ നിരസിക്കപ്പെട്ടു. ഫ്രാൻസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന തടവുകാരെ സാധാരണയായി 30 വർഷത്തിൽ താഴെ തടവിന് ശേഷം മോചിപ്പിക്കാറുണ്ട്. എന്നാൽ ജോർജ് അബ്ദുല്ലയുടെ കേസിൽ പലപ്പോഴും മോചനം നിരസിക്കപ്പെട്ടു.

ജോർജ് അബ്ദുല്ലയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ലെബനൻ അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഷിംഗ്ടൺ അദ്ദേഹത്തിന്റെ മോചനത്തെ നിരന്തരം എതിർത്തു. ഇപ്പോൾ 73 വയസുള്ള ജോർജ് അബ്ദുല്ല താൻ ഒരു കുറ്റവാളിയല്ലെന്നും ഫലസ്തീനികളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു 'പോരാളി'യാണെന്നും എപ്പോഴും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 1986 മുതൽ ജോർജ് അബ്ദുല്ലയുടെ മോചനം തടയുന്നതിൽ അമേരിക്കൻ സർക്കാർ സജീവമായി പങ്കുവഹിച്ചിട്ടുണ്ട്. പരോളിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്ന ജോർജ് അബ്ദുല്ലക്ക് 2013-ൽ ഫ്രഞ്ച് കോടതി മോചനത്തിനുള്ള അംഗീകാരം നൽകിയെങ്കിലും ജോർജ് അബ്ദുല്ലയുടെ മോചനം തടയുന്നതിനുള്ള ഒരു മാർഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസിന് നേരിട്ട് സന്ദേശം അയച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. അതേ വർഷം തന്നെ അബ്ദുല്ലയെ ലെബനനിലേക്ക് മടങ്ങാൻ അനുവദിക്കുന്ന ഉത്തരവിൽ ഒപ്പിടാൻ അന്നത്തെ ആഭ്യന്തര മന്ത്രി മാനുവൽ വാൾസ് വിസമ്മതിച്ചു. യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച തടവുകാരിൽ ഒരാളായ ജോർജ് അബ്ദുല്ല എന്നാൽ ഒരിക്കൽ പോലും തന്റെ പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിച്ചിട്ടില്ല.

1978-ൽ ഇസ്രായേൽ ലെബനൻ അധിനിവേശത്തിനിടെ പരിക്കേറ്റ ജോർജ്, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീനിൽ (PFLP) ചേർന്നു. 1960-കളിലും 1970-കളിലും നിരവധി വിമാന റാഞ്ചലുകൾ നടത്തിയ ഈ സംഘടനയെ അമേരിക്കയും യൂറോപ്യൻ യൂണിയനും 'തീവ്രവാദ' ഗ്രൂപ്പായി മുദ്രകുത്തി നിരോധിച്ചു. ക്രിസ്ത്യാനിയായ ജോർജ് അബ്ദുല്ല 1970കളുടെ അവസാനത്തിൽ ലെബനീസ് ആംഡ് റെവല്യൂഷണറി ഫാക്ഷൻസ് (LARF) എന്ന സായുധ സംഘടന സ്ഥാപിച്ചു. ഇറ്റലിയിലെ റെഡ് ബ്രിഗേഡ്‌സ്, ജർമൻ റെഡ് ആർമി ഫാക്ഷൻ (RAF) എന്നിവയുൾപ്പെടെയുള്ള മറ്റ് തീവ്ര ഇടതുപക്ഷ സായുധ ഗ്രൂപ്പുകളുമായി ഇതിന് ബന്ധമുണ്ടായിരുന്നു. സിറിയൻ അനുകൂല, ഇസ്രായേൽ വിരുദ്ധ മാർക്സിസ്റ്റ് ഗ്രൂപ്പായ LARF, 1980കളിൽ ഫ്രാൻസിൽ നടന്ന നാല് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 1984-ൽ ലിയോണിലെ ഒരു പൊലീസ് സ്റ്റേഷനിൽ കയറി ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിലെ കൊലയാളികൾ തന്റെ പിന്നാലെയുണ്ടെന്ന് അവകാശപ്പെട്ടതിന് ശേഷമാണ് ജോർജ് അബ്ദുല്ല ആദ്യമായി അറസ്റ്റിലായത്.



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News