പൗരൻമാരെ നിരീക്ഷിക്കാൻ പുതിയ ആപ്പ്; റഷ്യയിൽ വാട്സാപ്പ് നിരോധിക്കാൻ നീക്കം
മാക്സ് എന്ന മെസഞ്ചർ ആപ്പാണ് റഷ്യ പുറത്തിറക്കുന്നത്
മോസ്കോ: റഷ്യയിൽ വാട്സാപ്പ് നിരോധിക്കാൻ നീക്കമെന്ന് റിപ്പോര്‍ട്ട്. പൊതുജനങ്ങളെ നിരീക്ഷിക്കാൻ പുതിയ മെസഞ്ചർ ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിന് പിന്നാലെയാകും വാട്സാപ്പിന് നിരോധനം ഏർപ്പെടുത്തുക.
മാക്സ് എന്ന മെസഞ്ചർ ആപ്പാണ് റഷ്യ പുറത്തിറക്കുന്നത്. ഈ വർഷം സെപ്റ്റംബർ മുതൽ റഷ്യയിൽ വിൽക്കുന്ന എല്ലാ ഡിജിറ്റൽ ഉപകരണങ്ങളിലും മാക്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമെന്നാണ് ദി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്യുന്നു. ഇത് പൗരൻമാരെ നിരീക്ഷിക്കാനുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മെസേജിംഗ്, വീഡിയോ കോളുകൾ എന്നിവ മാത്രമല്ല, സർക്കാർ സേവനങ്ങളും മൊബൈൽ പേയ്‌മെന്റുകളും ആപ്പ് വഴി ലഭ്യമാകുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ആപ്പിനു പിന്നിൽ ചാരപ്രോഗ്രാമായി പ്രവർത്തിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നതായും റിപ്പോർട്ടിലുണ്ട്. ഇത് റഷ്യയുടെ സുരക്ഷ ഏജൻസിയായ എഫ്എസ്ബിക്ക് കർശനമായ നിരീക്ഷണത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കും. ആപ്പിന്റെ സെർവറുകൾ റഷ്യയിൽ തന്നെയായതിനാൽ മാക്സ് റഷ്യൻ നിയമങ്ങൾക്ക് വിധേയമായിരിക്കും. വിവരങ്ങൾ പരിശോധിക്കാൻ എഫ്എസ്ബിക്ക് ആവുമെന്നും വദഗ്ധർ വിശദീകരിക്കുന്നു. നിലവിൽ റഷ്യയിലെ 70 ശതമാനത്തിലധികം ആളുകളാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്.