Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പാരിസ്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും മറ്റ് രാജ്യങ്ങളെ ഈ വിഷയത്തിൽ ബോധ്യപെടുത്തകയും ചെയ്യുമെന്നുള്ള ഫ്രാൻസിന്റെ ഉദ്ദേശ്യം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് വ്യാഴാഴ്ച അയച്ച കത്തിൽ സ്ഥിരീകരിച്ചതായി ഫ്രഞ്ച് മാധ്യമം റേഡിയോ ഫ്രാൻസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. 193 യുഎൻ അംഗരാജ്യങ്ങളിൽ 144 രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. അതിൽ റഷ്യ, ചൈന, ഇന്ത്യ എന്നിവയും ഉൾപ്പെടുന്നു. എന്നാൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ ഫലസ്തീൻ രാഷ്ട്രത്തെ അംഗീരിച്ചിട്ടുള്ളു. അംഗീകരിച്ചതിൽ കൂടുതലും മുൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമാണ്.
കഴിഞ്ഞ വർഷം സ്‌പെയിൻ, അയർലൻഡ്, നോർവേ , സ്ലോവേനിയ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീരിച്ചിരുന്നു. മാക്രോൺ തന്റെ വാഗ്ദാനം പാലിച്ചാൽ യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമായ ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ഏറ്റവും വലിയ പാശ്ചാത്യ ശക്തിയും ആദ്യത്തെ ജി7 രാജ്യവുമായി മാറും. ഈ തീരുമാനം ഏറെക്കുറെ പ്രതീകാത്മകമാണ്. കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്തീനികൾ വളരെക്കാലമായി അത്തരമൊരു രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഈ പ്രദേശങ്ങൾ ഇപ്പോൾ ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുകയാണ്.
ഗസ്സയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഭക്ഷ്യ, സഹായ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ആഗോള പ്രതിഷേധം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മാക്രോണിന്റെ പ്രഖ്യാപനം. ലോകാരോഗ്യ സംഘടനയുടെയും നിരവധി അന്താരാഷ്ട്ര സഹായ സംഘടനകളുടെയും അഭിപ്രായത്തിൽ മാനുഷിക സഹായ വിതരണത്തിൽ ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ ഗസ്സയിൽ വൻതോതിലുള്ള പട്ടിണിയിലേക്ക് നയിച്ചു. ഫ്രാൻസ് പരമ്പരാഗതമായി പിന്തുണക്കുന്ന ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയം നിലനിർത്തുന്നതിനായി ഫലസ്തീനെ അംഗീകരിക്കണമെന്ന് മാക്രോൺ മാസങ്ങളായി വാദിച്ചിരുന്നു.
ഫ്രാൻസ് ഫലസ്തീനെ അംഗീകരിച്ചാൽ സൗദി അറേബ്യ, അല്ലെങ്കിൽ മറ്റേതെങ്കിലും അറബ് രാജ്യം ഇസ്രയേലിനെ അംഗീരിക്കുമെന്ന് മാക്രോൺ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അങ്ങനെയുണ്ടായില്ലെന്ന് മിഡിൽ ഈസ്റ്റ് സ്പെഷ്യലിസ്റ്റ് ഫ്രെഡറിക് എൻസെൽ പറഞ്ഞതായി റേഡിയോ ഫ്രാൻസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന യുഎൻ സമ്മേളനത്തിൽ സൗദി അറേബ്യക്കൊപ്പം സഹ-ആതിഥേയത്വം വഹിക്കുന്ന ഫ്രാൻസ് നിലപാട് വ്യക്തമാക്കാൻ സമ്മർദ്ദത്തിലായിരുന്നു. 'ഫ്രാൻസ് തന്നെ രണ്ട് രാജ്യങ്ങളിൽ ഒന്നിനെ അംഗീകരിച്ചില്ലെങ്കിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് അനുകൂലമായ ഒരു സഖ്യത്തിന് നേതൃത്വം നൽകുന്നത് ബുദ്ധിമുട്ടാണ്.' ജനീവ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ഓൺ ദി അറബ് ആൻഡ് മെഡിറ്ററേനിയൻ വേൾഡിന്റെ (CERMAM) ഡയറക്ടർ ഹസ്നി അബിദി പറയുന്നു. നിലവിൽ ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്ന ഫലസ്തീൻ പ്രദേശങ്ങളിൽ ഫ്രാൻസിന്റെ അംഗീകാരത്തോടെ കാര്യമായ മാറ്റങ്ങളുണ്ടാകില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.