'പ്രതീക്ഷയുടെ കുപ്പി'; ഗസ്സയിലെത്തുമെന്ന പ്രതീക്ഷയിൽ ധാന്യപ്പൊടികളടങ്ങിയ പ്ലാസ്റ്റിക് കുപ്പികൾ കടലിലെറിഞ്ഞ് ക്യാമ്പയിന്‍

ഈജിപ്ഷ്യൻ അക്കാദമീഷ്യനായ ഡോ. മുഹമ്മദ് സയീദ് അലി തുടക്കമിട്ട ക്യാമ്പയിന്‍, വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

Update: 2025-07-26 11:28 GMT
Editor : rishad | By : Web Desk
Advertising

കെയ്ററോ: ഗസ്സയിലെത്തുമെന്ന പ്രതീക്ഷയില്‍ ധാന്യങ്ങളടങ്ങിയ പ്ലാസ്റ്റിക് കുപ്പികള്‍ കടലിലെറിയുന്ന ക്യാമ്പയിന് പിന്തുണയേറുന്നു. ഈജിപ്ഷ്യൻ അക്കാദമീഷ്യനായ ഡോ. മുഹമ്മദ് സയീദ് അലി തുടക്കമിട്ട ക്യാമ്പയിന്‍, വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

ഈജിപ്ത്, ലിബിയ, അൾജീരിയ, മൊറോക്കോ എന്നിവിടങ്ങളിലാണ് ക്യാമ്പയിന്‍ സജീവമാകുന്നത്. പ്രതീക്ഷയുടെ കുപ്പി ( A Bottle of Hope) എന്നാണ്  പേര്. ഭദ്രമായി അടച്ച പ്ലാസ്റ്റിക് കുപ്പിയില്‍ ധാന്യപ്പൊടികളാണ് നിറച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമ്മര്‍ദങ്ങളെയെല്ലാം അവഗണിച്ച് ഗസ്സയില്‍ ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുന്ന ഇസ്രായേലിന്റെ ക്രൂരതയ്ക്കെതിരെയുള്ള നീക്കം എന്ന നിലക്കാണ് 'പ്രതീക്ഷയുടെ കുപ്പികള്‍' കടലിലൊഴുക്കുന്നത്.

ഒരു കിലോഗ്രാം അരി, പയർ, അല്ലെങ്കിൽ മറ്റ് ഉണങ്ങിയ പയർവർഗ്ഗങ്ങൾ എന്നിവയാണ് കുപ്പികളില്‍ നിറക്കുന്നത്. ഇവ, ഈജിപ്ത്, ലിബിയ, തുണീഷ്യ, അൾജീരിയ, മൊറോക്കോ തുടങ്ങിയ മെഡിറ്ററേനിയൻ രാജ്യങ്ങളുടെ തീരങ്ങളിൽ നിന്ന് കടലിലേക്ക് എറിയുന്നതാണ് ക്യാമ്പയിന്‍. കടലിലൂടെ ഒഴുകി, ഗസ്സയുടെ തീരത്തേക്ക് കുപ്പികള്‍ എത്തുമെന്ന പ്രതീക്ഷയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. സമൂഹമാധ്യമങ്ങളിലും ക്യാമ്പയിന്‍ ക്ലിക്കായി. ഉപരോധത്തിനെതിരായ  ശബ്ദമുയര്‍ത്തല്‍ എന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

ധാന്യങ്ങളടങ്ങിയ പ്ലാസ്റ്റിക് കുപ്പികള്‍ മുഹമ്മദ് സയീദ് അലി കടലിലേക്ക് എറിയുന്ന വീഡിയോയില്‍ നിന്നാണ് തുടക്കം. വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തം ചൊല്ലിയാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. ഡാമിയേറ്റ(ഈജിപ്തിലെ തുറമുഖ നഗരം) അല്ലെങ്കിൽ കിഴക്കൻ പോർട്ട് സെയ്ദ് പോലുള്ള പ്രദേശങ്ങളിൽ നിന്ന് വിക്ഷേപിച്ചാൽ കിഴക്കൻ മെഡിറ്ററേനിയനിലൂടെ 72 മുതൽ 96 മണിക്കൂറിനുള്ളിൽ ഗസ്സയുടെ തീരത്ത് കണ്ടെയ്‌നറുകൾ എത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News