ഗസ്സയിലെ മൂന്നിലൊന്ന് ആളുകളും ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ലെന്ന് യുഎൻ; പട്ടിണി മരണം 122 ആയി
ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഭക്ഷ്യപ്രതിസന്ധിയാണ് ഗസ്സ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ഡബ്ള്യൂഎഫ്‍പി
തെൽ അവിവ്: ഗസ്സയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളും ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി( (WFP). 470,000 ആളുകൾ കടുത്ത പട്ടിണി നേരിടുന്നവരാണെന്നും 90,000 സ്ത്രീകളും കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരാണെന്നും പ്രസ്താവനയിൽ പറയുന്നു. ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഭക്ഷ്യപ്രതിസന്ധിയാണ് ഗസ്സ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ഡബ്ള്യൂഎഫ്‍പി വ്യക്തമാക്കുന്നു.
"മൂന്നിൽ ഒരാൾ ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ല. പോഷകാഹാരക്കുറവ് വർധിച്ചുകൊണ്ടിരിക്കുകയാണ്'' ഡബ്ള്യൂഎഫ്‍പി എഎഫ്‍പിയോട് പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു, മാനുഷിക സഹായത്തിന്‍റെ അഭാവം മൂലം ആളുകൾ മരിക്കുന്നുവെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേരാണ് പട്ടിണി മൂലം മരിച്ചത്. ഇതോടെ ആകെ പട്ടിണി മരണം 122 ആയി. പട്ടിണി മൂലം ആകെ 83 കുട്ടികളാണ് മരിച്ചത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത കുട്ടികളുടെ വിശപ്പ് സഹിക്കാതെയുള്ള കരച്ചിൽ അസഹനീയമെന്ന് മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ഭക്ഷണം കാത്തുനിന്ന 16 പേരെ ഇന്നലെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നു.
"ഇതൊരു സ്വാഭാവിക ക്ഷാമമല്ല... നിശബ്ദമായ ഒരു ലോകത്തിന് മുന്നിൽ പട്ടിണിയിലൂടെയുള്ള ഉന്മൂലന കുറ്റകൃത്യമാണിത്," ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്‍റെ ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ-ബർഷ് എക്‌സിൽ കുറിച്ചു. ഗസ്സയിലെ ക്ലിനിക്കുകളിൽ കഴിഞ്ഞയാഴ്ച പരിശോധനയ്ക്ക് വിധേയമാക്കിയ നാല് കുട്ടികളിൽ ഒരാൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും പോഷകാഹാരക്കുറവുണ്ടെന്ന് മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) മുന്നറിയിപ്പ് നൽകി. "അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ കടുത്ത പോഷകാഹാരക്കുറവിന്‍റെ നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം മൂന്നിരട്ടിയായി വർധിച്ചുവെന്ന് എംഎസ്എഫ് വിശദീകരിച്ചു.
ഗസ്സയിലെ ദുരിതത്തെ 'ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമ്മിക പ്രതിസന്ധി' എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. "അന്താരാഷ്ട്ര സമൂഹത്തിൽ കാണുന്ന നിസ്സംഗതയുടെയും നിഷ്‌ക്രിയത്വത്തിന്‍റെയും അളവ് എനിക്ക് വിശദീകരിക്കാൻ കഴിയില്ല - അനുകമ്പയുടെ അഭാവം, സത്യത്തിന്‍റെ അഭാവം, മനുഷ്യത്വത്തിന്‍റെ അഭാവം," ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ആഗോള അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഗുട്ടെറസ് പറഞ്ഞു. ആഗസ്ത് പകുതിയോടെ ഗസ്സയിൽ കുട്ടികൾക്ക് വേണ്ടിയുള്ള ജീവൻ രക്ഷിക്കുന്ന ഭക്ഷണസാധനങ്ങൾ തീർന്നുപോകുമെന്നും, ഇതിനകം പോഷകാഹാരക്കുറവുള്ള പതിനായിരക്കണക്കിന് കുട്ടികളെ ഇത് ബാധിക്കുമെന്നും ഡബ്ള്യൂഎഫ്‍പി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.