ഗസ്സ വെടിനിര്‍ത്തൽ; ദോഹ ചർച്ച പ്രതിസന്ധിയിൽ, കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേൽ
ബന്ദികളുടെ മോചനത്തിനും മറ്റുമായി വേറെ വഴി തേടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി
തെൽ അവിവ്: ഗസ്സയിൽ പട്ടിണിമരണവും കൂട്ടക്കുരുതിയും തുടരുന്നതിനിടെ ദോഹ ചർച്ചയിൽ നിന്ന് സംഘത്തെ തിരികെ വിളിച്ച് ഇസ്രായേലും അമേരിക്കയും. ബന്ദികളുടെ മോചനത്തിനും മറ്റുമായി വേറെ വഴി തേടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. അതിനിടെ ഗസ്സയിൽ ഭക്ഷണത്തിന് വരിനിന്ന 19 പേരുൾപ്പെടെ 62 പേർ കൂടി കൊല്ലപ്പെട്ടു.
ഗസ്സയിൽ മാനുഷിക സംവിധാനങ്ങൾ പൂർണമായും തകർന്നിരിക്കെ, കൂട്ടമരണം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് യുഎൻ ഏജൻസികൾ. പട്ടിണിയും പോഷകാഹാരകുറവും മൂലം നൂറിലേറെ പേർ മരണത്തിന് കീഴടങ്ങിയ ഗസ്സയിലേക്ക് കൂടുതൽ സഹായം കൈമാറണമെന്ന യൂറോപ്യൻ യൂണിയൻ അഭ്യർഥന ഇസ്രായേൽ തള്ളി. അമേരിക്കയും ഇസ്രായേലും ഏർപ്പെടുത്തിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കേന്ദ്രത്തിനു മുമ്പാകെ ഭക്ഷണത്തിനു കാത്തുനിന്ന പട്ടിണിപ്പാവങ്ങൾക്ക് നേരെ ഇന്നലെയും വെടിവെപ്പുണ്ടായി. 19 പേരാണ് ഇതിൽ കൊല്ലപ്പെട്ടത്. ഇതോടെ ഈ നിലക്കുള്ള മരണസംഖ്യ മാത്രം 1200 കവിഞ്ഞു.
ഗസ്സയിൽ ഇതിനകം കൊല്ലപ്പെട്ട 59,000 പേരിൽ 19,000 കുഞുങ്ങൾ ഉൾപ്പെടുന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇന്ധനക്ഷാമം മൂലം ആശുപത്രികളിൽ പലതിന്‍റെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. അതിനിടെ, ദോഹ കേന്ദ്രീകരിച്ചു നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടു. ഇസ്രായേലും അമേരിക്കയും തങ്ങളുടെ സംഘത്തെ ദോഹയിൽ നിന്ന് തിരികെ വിളിച്ചു.
ഹമാസിന്‍റെ നിലപാടാണ് വെടിനിർത്തൽ ചർച്ചക്ക് തിരിച്ചടിയായതെന്ന് യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് ആരോപിച്ചു. ബന്ദികളുടെ മോചനത്തിനും മറ്റുമായി ബദൽ മാർഗങ്ങൾ തേടുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലുമായി ബന്ധപ്പെട്ട പുതിയ നിർദേശം ഹമാസ് കൈമാറിയെങ്കിലും ഇസ്രായേലും അമേരിക്കയും അതിനോട് പ്രതികരിച്ചിട്ടില്ല. ഗസ്സയിൽ ലക്ഷ്യം നേടും വരെ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.വടക്കൻ ഗസ്സയിൽ സ്ഫോടകവസ്തു ശേഖരം പൊട്ടിത്തെറിച്ച് 8 സൈനികർക്ക് പരിക്കേറ്റു. യൂറോപ്യൻ നഗരങ്ങളിലും ഇസ്രായേൽ തലസ്ഥാന നഗരിയായ തെൽ അവീവിലും ഗസ്സ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് റാലികൾ നടന്നു.