Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
യമൻ: ഇസ്രായേൽ പ്രദേശങ്ങളായ ബീർശേബ, ഉമ്മുൽ-റഷ്‌റാഷ് ഉള്പടെയുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായി യമൻ സായുധ സേന വക്താവിനെ ഉദ്ധരിച്ച് അൽ മയാദീൻ റിപ്പോർട്ട് ചെയ്യുന്നു. തദേശീയമായി വികസിപ്പിച്ചെടുത്ത ഫലസ്തീൻ-2 ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് അധിനിവേശ ഇസ്രായേൽ പ്രദേശമായ ബീർഷേബ മേഖലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്ന് യമൻ സായുധ സേന പ്രഖ്യാപിച്ചു. മൂന്ന് ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടുന്ന വിശാലമായ ഏകോപിത ആക്രമണത്തിന്റെ ഭാഗമായിരുന്നു മിസൈൽ ആക്രമണമെന്നും സായുധ സേന മേധാവി യഹ്‌യ സാരി പറഞ്ഞു.
യമൻ സൈനിക വക്താവ് ജനറൽ യഹ്‌യ സാരി പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഇസ്രയേലിന്റെ സെൻസിറ്റീവ് പ്രദേശങ്ങളെയാണ് യമൻ ലക്ഷ്യമിട്ടത്. ആക്രമണ ലക്ഷ്യം കൃത്യതയോടെ നേടിയെടുത്തുതായും യഹ്‌യ സാരി പറഞ്ഞു. മിസൈൽ വിക്ഷേപണത്തിന് പുറമേ ഹൈഫക്ക് തൊട്ടു തെക്കായി സ്ഥിതി ചെയ്യുന്ന ഉമ്മുൽ-റഷ്‌റാഷ് (എയിലത്ത്), അസ്‌കലാൻ, ഖോദൈറ (ഹദേര) എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളെ ലക്ഷ്യമിട്ട് യമൻ വ്യോമസേന മൂന്ന് വ്യത്യസ്ത ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും യഹ്‌യ സാരി സ്ഥിരീകരിച്ചു.
بيان القوات المسلحة اليمنية بشأن تنفيذ أربع عمليات عسكرية استهدفت أربعة أهداف حساسة وحيوية للعدو الإسرائيلي في مناطق بئر السبع وأم الرشراش وعسقلان والخضيرة المحتلة وذلك بصاروخ باليستي فرط صوتي نوع فلسطين2 وثلاث طائرات مسيرة.
— أمين حيان Ameen Hayyan (@AminHian) July 25, 2025
بتاريخ25_7_2025م pic.twitter.com/AkD623sPPA
ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും വർധിച്ചുവരുന്ന മാനുഷിക ദുരന്തത്തിന് കാരണമായ ഉപരോധം പിൻവലിക്കാനും സമ്മർദ്ദം ചെലുത്തുന്നതിനുള്ള തുടർച്ചയായ പ്രചാരണത്തിന്റെ ഭാഗമായാണ് ആക്രമണങ്ങളെന്ന് പ്രസ്താവനയിൽ വിശദീകരിക്കുന്നു. 'ഗസ്സയിലെ ആക്രമണം അവസാനിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതുവരെ ഞങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിക്കില്ല.' യമൻ സായുധ സേന പ്രഖ്യാപിച്ചു.
ഫലസ്തീൻ രാഷ്ട്രത്തോടൊപ്പമുള്ള യമന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് കൂടുതൽ തീവ്രമായ നടപടികൾ പരിഗണിക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരി മുന്നറിയിപ്പ് നൽകി. 'അനന്തരഫലങ്ങൾ എന്തുതന്നെയായാലും അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിലെ ഞങ്ങളുടെ ഉറച്ച നിലപാടിൽ നിന്ന് ഞങ്ങൾ പിന്മാറില്ല.' പ്രസ്താവനയിൽ പറയുന്നു. എന്നാൽ ആക്രമണത്തെ സംബന്ധിച്ച് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.