ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകാൻ വഴിവിട്ട ഇടപെടലെന്ന്; മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സനൽ മന്ത്രാലയത്തിന് കൈമാറി
ബിഹാർ ഹൈക്കോടതിയിലെ മുൻ ജസ്റ്റിസ് രാകേഷ് കുമാറാണ് പരാതി നൽകിയത്
ന്യൂഡൽഹി: സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരായ പരാതി നടപടിക്കായി പേഴ്സണൽകാര്യ മന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. ബിഹാർ ഹൈക്കോടതിയിലെ മുൻ ജസ്റ്റിസ് രാകേഷ് കുമാറാണ് പരാതി നൽകിയത്. സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകിയതിൽ വഴിവിട്ട ഇടപെടൽ ഉണ്ടായെന്നാണ് ആരോപണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി.
മുൻ ചീഫ് ജസ്റ്റിസിന്റെ അനുചിതമായ പെരുമാറ്റം, ഔദ്യോഗിക ദുരുപയോഗം എന്നിവയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് 2024 നവംബർ എട്ടിന് രാഷ്ട്രപതിക്ക് മുമ്പാകെയാണ് ജസ്റ്റിസ് രാകേഷ് കുമാർ പരാതി നൽകുന്നത്.
സുപ്രിംകോടതിയുടെ വേനൽക്കാല അവധിക്കാലത്ത് ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ രണ്ട് പ്രത്യേക ബെഞ്ചുകൾ രൂപീകരിച്ചതിൽ ഡി.വൈ ചന്ദ്രചൂഡിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ സിബിഐയെ അനുവദിക്കണമെന്നായിരുന്നു പരാതി. ഗുരുതരമായ ക്രിമിനൽ കുറ്റം നേരിടുന്ന പ്രതിക്ക് ‘അനാവശ്യമായ ആനുകൂല്യം’ നൽകുക എന്ന ഉദ്ദേശ്യത്തോടെയുള്ള അധികാര ദുർവിനിയോഗമാണ് ഈ പ്രവർത്തനമെന്നും ജസ്റ്റിസ് കുമാർ പരാതിയിൽ പറയുന്നു.
ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണത്തിൽ ടീസ്റ്റ സെതൽവാദിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ടീസ്റ്റ സുപ്രിംകോടതിയിലെത്തിയത്.
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്റ്റ സെതൽവാദ്, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ.ബി ശ്രീകുമാർ എന്നിവർക്കെതിരായ കേസ്.