ജബൽപൂരിലെ ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണം; വൈദികരുൾപ്പെടെയുള്ള മലയാളികൾക്കും മര്‍ദനമേറ്റു, വീഡിയോ
ജബൽപൂർ എസ്പിക്കു പരാതി നൽകിയെന്നും ഫാ. ജോർജ് തോമസ് പറഞ്ഞു
ജബൽപൂര്‍: മധ്യപ്രദേശിലെ ജബൽപൂരിൽ ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണത്തിൽ വൈദികര്‍ ഉള്‍പ്പെടെയുള്ള മലയാളികൾക്കും മര്‍ദനമേറ്റതായി റിപ്പോര്‍ട്ട്. അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്‌രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് പരാതി.
ഫാ. ഡേവിസ് ജോർജ് തൃശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ. ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്. ജബൽപൂരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞു സഹായത്തിനെത്തിയ വൈദികസംഘമാണ് ആക്രമിക്കപ്പെട്ടതെന്നും ജബൽപൂർ എസ്പിക്കു പരാതി നൽകിയെന്നും ഫാ. ജോർജ് തോമസ് പറഞ്ഞു.
2025 ജൂബിലി വര്‍ഷത്തിന്‍റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്. വൈകുന്നേരം 5 മണിയോടെയാണ് വൈദികര്‍ക്കും തീര്‍ഥാടകര്‍ക്കും സ്റ്റേഷനില്‍ നിന്ന് മാണ്ട്‌ലയിലേക്ക് തിരികെ പോകാനായത്. ക്രിസ്ത്യൻ സമൂഹത്തിനെതിരെ ലക്ഷ്യമിട്ടുള്ള പീഡനത്തിന്‍റെയും അക്രമത്തിന്‍റെയും അസ്വസ്ഥമായ രീതിയുടെ ഭാഗമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച ജബൽപൂർ എസ്പി ഓഫീസിന് പുറത്ത് നൂറുകണക്കിന് ക്രിസ്ത്യാനികൾ തടിച്ചുകൂടി. ആക്രമണത്തിൽ രോഷാകുലരായ അവർ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.ഫാദർ ഡേവിസ് ജോർജിനെതിരെയും മറ്റുള്ളവർക്കെതിരെയുമുള്ള അക്രമം ക്രമസമാധാനപാലനത്തിന്റെ പരാജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ പ്രസിഡന്റ് അരവിന്ദ് ആൻഡ്രൂസ്, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഡീഷണൽ എസ്പി സൂര്യകാന്ത് ശർമ്മ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി. അക്രമത്തിൽ എല്ലാവരെയും ചോദ്യം ചെയ്യുമെന്നും വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും എല്ലാ നിയമലംഘകരെയും അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.
അതേസമയം ജബൽപൂരിൽ മതപരിവർത്തന ആരോപണത്തെ തുടർന്ന് സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. മാണ്ഡലയിലെ മഹാരാജ്പൂർ പ്രദേശത്തെ 50-ലധികം ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ്ദൾ എന്നിവയുമായി ബന്ധമുള്ള പ്രവർത്തകർ ക്രിസ്ത്യൻ സമൂഹം നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി ആരോപിക്കുന്നു.
A Catholic priest, Dr. Fr. Davis George, Vicar General of Jabalpur in India’s Madhya Pradesh, was brutally assaulted along with other priests and lay pilgrims during a Jubilee 2025 pilgrimage. The attack, carried out by extremist groups in the presence of officials, has been… pic.twitter.com/2fNm0nBuiY
— Sachin Jose (@Sachinettiyil) April 1, 2025