Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തമിഴ്നാട്: തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ ഒന്നര ലക്ഷം രൂപക്ക് നവജാതശിശുവിനെ വിറ്റ കേസിൽ കുഞ്ഞിന്റെ പിതാവ് എന്ന് ആരോപ്പിക്കുന്നയാൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. രക്ഷപ്പെടുത്തിയ കുഞ്ഞിനെ സർക്കാർ നടത്തുന്ന കുട്ടികളുടെ ഭവനത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ജൂലൈ 25 ന് തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ തന്റെ നവജാത ശിശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയതായി സന്തോഷ്കുമാരി എന്ന യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് പുറത്തുവന്നത്.
തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ജൂലൈ 13 ന് പ്രസവിച്ച സന്തോഷ്‌കുമാരി തനിക്ക് ബന്ധമുണ്ടായിരുന്നതായി പറയുന്ന ദിനേശ് എന്നയാളും അയാളുടെ അമ്മയും മറ്റൊരാളും ചേർന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിൽ പരാതിപ്പെട്ടു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ദിനേശ് അമ്മ വാസുഗിയും വിനോദ് എന്ന ബ്രോക്കറുമായി ചേർന്ന് മന്നാർഗുഡി താലൂക്കിലെ ആദിച്ചാപുരം ഗ്രാമത്തിൽ നിന്നുള്ള തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (TASMAC) ജീവനക്കാരനായ മക്കളില്ലാത്ത രാധാകൃഷ്ണനും ഭാര്യ വിമലക്കും കുഞ്ഞിനെ വിൽക്കാൻ ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ദിനേശ്, അമ്മ വാസുഗി, ബ്രോക്കർ വിനോദ്, കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ എന്നീ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
1990-കൾ മുതൽ തമിഴ്നാട്ടിൽ ഒരു ക്രാഡിൽ ബേബി സ്കീം ഉണ്ട്. മാതാപിതാക്കൾക്ക് വേണ്ടാത്ത നവജാതശിശുക്കളെ സുരക്ഷിതമായും അജ്ഞാതമായും നിയുക്ത സർക്കാർ ആശുപത്രികളിലും ശിശുക്ഷേമ കേന്ദ്രങ്ങളിലും ഏൽപ്പിക്കാൻ അനുവദിക്കുന്ന ഒരു സംരംഭമാണിത്. പെൺ ശിശുഹത്യ തടയുന്നതിനും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതി അവതരിപ്പിച്ചത്.