പേര് വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തെന്ന ആരോപണവുമായി തേജസ്വി യാദവ്
തേജസ്വിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി
ബിഹാര്‍: പേര് വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തെന്ന ആരോപണവുമായി ആർജെഡി നേതാവും ബിഹാര്‍ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ബിഹാർ വോട്ടർ പട്ടികയിലെ തീവ്രപരിശോധന കഴിഞ്ഞശേഷം വെള്ളിയാഴ്ച പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിൽ നിന്നുമാണ് പേര് വെട്ടിയത്. അതേസമയം തേജസ്വിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി.അദ്ദേഹത്തിന്‍റെ പേര് വോട്ടർപട്ടികയിലുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
പറ്റ്നയിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ, യാദവ് തന്‍റെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് (EPIC) നമ്പർ പ്രദർശിപ്പിക്കുകയും അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനിൽ നൽകുകയും ചെയ്തു. എന്നാൽ തേജസ്വിയുടെ പേര് വിവരങ്ങൾ അതിലുണ്ടായിരുന്നില്ലന്നാണ് പരാതി. "എന്‍റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഞാൻ എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കും?" ആർജെഡി നേതാവ് ചോദിച്ചു.
യാദവിന്‍റെ ആരോപണത്തിന് തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന്‍റെ വിശദാംശങ്ങൾ കാണിക്കുന്ന വോട്ടർ പട്ടികയുടെ ഒരു പകർപ്പ് പുറത്തിറക്കി. പറ്റ്നയിലെ വെറ്ററിനറി കോളജിലെ ഒരു ബൂത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. "കരട് വോട്ടർ പട്ടികയിൽ തന്‍റെ പേര് ഇല്ലെന്ന് തേജസ്വി യാദവ് വ്യാജവാദം ഉന്നയിച്ചതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കരട് വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്‍റെ പേര് സീരിയൽ നമ്പർ 416 ൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, കരട് വോട്ടർ പട്ടികയിൽ തന്‍റ് പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രസ്താവിക്കുന്ന ഏതൊരു അവകാശവാദവും വസ്തുതാപരമായി തെറ്റുമാണ്" കമ്മീഷൻ പറഞ്ഞു.