വിമാനത്തിനുള്ളിൽ സഹയാത്രികനെ മർദിച്ച യാത്രക്കാരന് വിലക്കേർപ്പെടുത്തി ഇൻഡിഗോ
ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ഇന്‍ഡിഗോ
മുംബൈ: മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മര്‍ദിച്ച ഹഫിജുല്‍ റഹ്മാന് യാത്രാവിലക്കേര്‍പ്പെടുത്തി ഇന്‍ഡിഗോ. അസം സ്വദേശിയായ ഹുസൈൻ അഹമ്മദ് മജുംദാറാണ് മര്‍ദനത്തിനിരയായത്.
പാനിക് അറ്റാക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്ലൈറ്റ് അറ്റൻഡന്റുകൾ സീറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സഹയാത്രികനായ ഹഫിജുല്‍ റഹ്മാന്‍, ഇയാളെ അടിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മര്‍ദിച്ച യാത്രക്കാരനെ 30 ദിവസത്തേക്ക് വിലക്കിക്കൊണ്ട് ഇന്‍ഡിഗോ പ്രസ്താവന ഇറക്കിയത്.
'തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിമാനത്തിലുള്ള എല്ലാവരും ആദരം ആര്‍ഹിക്കുന്നവരാണെന്നും അവര്‍ സുരക്ഷിതമായിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും'- എയർലൈൻ വ്യക്തമാക്കുന്നു.
മുംബൈ-കൊൽക്കത്ത വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മുംബൈയിൽനിന്ന് വിമാനം പുറപ്പെടാൻ തയാറെടുക്കവെ പരിഭ്രാന്തനായ ഹുസൈൻ വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയും സീറ്റിൽനിന്ന് ഇറങ്ങി നടക്കുകയുമായിരുന്നു. തന്റെ സീറ്റിനു മുന്നിലുടെ നടന്നുപോകുമ്പോഴാണ് ഹഫിജുല്‍ റഹ്മാന്‍, ഹുസൈനെ മർദിച്ചത്. അവൻ കാരണമാണ് ഞങ്ങൾ പ്രശ്നം നേരിടുന്നത് എന്നായിരുന്നു മർദിച്ച വ്യക്തിയുടെ മറുപടി.
അതേസമയം മര്‍ദനത്തിന് ഇരയായ ഹുസൈനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത് എത്തി. കൊല്‍ക്കത്തയില്‍നിന്ന് അസമിലെ സില്‍ച്ചറിലേക്ക് അടുത്ത വിമാനത്തില്‍ എത്തേണ്ടിയിരുന്ന ഇയാള്‍ ഇതുവരെ വിളിക്കുകയോ വീട്ടിലെത്തുകയോ ചെയ്തിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. പൊലീസ് അന്വേഷിക്കുന്നുണ്ട്.