അഞ്ച് വർഷത്തിനിടെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് 8,947 പേരെ, ശിക്ഷിക്കപ്പെട്ടത് 252 പേർ മാത്രം
ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതൽ ആളുകളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 2633 പേരെ അറസ്റ്റ് ചെയ്തപ്പോൾ ശിക്ഷിക്കപ്പെട്ടത് 13 പേർ മാത്രമാണ്.
ന്യൂഡൽഹി: യുഎപിഎ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ സൂചന നൽകി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ. അഞ്ച് വർഷത്തിനിടെ 8,947 പേരെയാണ് പൊലീസും അന്വേഷണ ഏജൻസികളും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 6,503 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 252 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ രാജ്യസഭയിൽവെച്ച കണക്കുകൾ പറയുന്നത്. 2018 മുതൽ 2022 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവിട്ടത്.
ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതൽ ആളുകളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 2633 പേരാണ് ഈ കാലയളവിൽ ജമ്മു കശ്മീരിൽ അറസ്റ്റിലായത്. അതിൽ ശിക്ഷിക്കപ്പെട്ടത് വെറും 13 പേർ മാത്രമാണ്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് ഈ വിവരശേഖരണം നടത്തിയിട്ടുള്ളത്. കേരളത്തിൽ, 2018 മുതൽ 2022 വരെ യുഎപിഎ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത് 130 പേരാണ്. അതിൽ ഒരാൾ പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. രാജ്യത്ത് കോടതി റദ്ദാക്കിയ രണ്ട് യുഎപിഎ കേസുകൾ ഉള്ള ഏകസംസ്ഥാനമാണ് കേരളം. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കേസിലായിരുന്നു കോടതിയുടെ ഇടപെടൽ.
നാല് സംസ്ഥാനങ്ങളിലും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലും യുഎപിഎ ചുമത്തി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ രാജസ്ഥാൻ മാത്രമാണ് വലിയ സംസ്ഥാനം. മറ്റുള്ളവ ഗോവ, സിക്കിം പോലുള്ള ചെറിയ സംസ്ഥാനങ്ങളാണ്.
അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് 2022ലാണ്. 2022ൽ 2,636 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2018- 1421, 2019- 1948, 2020- 1321, 2021- 1621 എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലെ കണക്കുകൾ.
കശ്മീർ കഴിഞ്ഞാൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 2,162 പേരാണ് യുപിയിൽ അറസ്റ്റിലായത്. മണിപ്പൂർ (1370), അസം (771), ജാർഖണ്ഡ് (526), തമിഴ്‌നാട് (431), പഞ്ചാബ് (236), കേരളം (130), ബിഹാർ (118) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.