2024ലെ സംഭൽ സംഘർഷം: രണ്ട് പേർക്ക് കൂടി ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

നിരപരാധികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന, പൗരാവകാശ സംഘടനയായ എപിസിആർ നടത്തുന്ന നിയമപോരാട്ടത്തിലൂടെയാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്

Update: 2025-08-02 17:17 GMT
Editor : rishad | By : Web Desk
Advertising

ലഖ്‌നൗ: 2024ലെ സംഭൽ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് പേര്‍ക്ക് കൂടി ജാമ്യം ലഭിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് മുഹ്സിന്‍, സുഹൈല്‍ എന്നിവര്‍ക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2024 ഡിസംബര്‍ എട്ട് മുതല്‍ ഇവര്‍ ജയിലില്‍ കഴിയുകയായിരുന്നു.

നിരപരാധികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന, പൗരാവകാശ സംഘടനയായ എപിസിആർ നടത്തുന്ന നിയമപോരാട്ടത്തിലൂടെയാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. 

ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 191(2), 191(3), 190, 109(1), 121(2), 132, 223(ബി), ക്രിമിനൽ ഭേദഗതി നിയമം സെക്ഷൻ 7 എന്നിവയുൾപ്പെടെ കുറ്റങ്ങൾ ചുമത്തിയിട്ടും അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 

എപിസിആറിന് വേണ്ടി അഭിഭാഷകൻ ഇർഷാദ് അഹമ്മദ് ആണ് ഹാജരായത്. അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ജമാ മസ്ജിദ് മേധാവി സഫർ അലിക്കും കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സർവേക്കിടെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് സഫർ അലിയെ അറസ്റ്റ് ചെയ്തിരുന്നത്. 

കഴിഞ്ഞ വർഷം നവംബർ 24ന് സംഭൽ ഷാഹി മസ്ജിദിൽ സർവേ നടത്തുന്നതിനെതിരെ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. 1526ൽ ബാബർ നിർമിച്ച പള്ളി ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് നൽകിയ ഹരജിയിൽ വിചാരണക്കോടതിയാണ് സർവേ നടത്താൻ നിർദേശം നൽകിയത്. സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News