മൊഴി തിരുത്താൻ സമ്മർദം;ധർമ്മസ്ഥല പരാതിക്കാരന് പൊലീസ് ഭീഷണി
എസ്‌ഐടി അംഗമായ സിർസി റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഞ്ചുനാഥ് ഗൗഡയാണ് ഭീഷണിപ്പെടുത്തിയത്
മംഗളൂരു: ധർമ്മസ്ഥലയിൽ കൂട്ട ശവസംസ്‌കാര വെളിപ്പെടുത്തൽ നടത്തിയ സാക്ഷിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ വധഭീഷണിയെന്ന് പരാതി. പ്രത്യേക അന്വേഷണ സംഘത്തിൽ(എസ്‌ഐടി) അംഗമായ ഉത്തര കന്നട ജില്ലയിലെ സിർസി റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഞ്ചുനാഥ് ഗൗഡയാണ് പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 20 പേരെ കൂടി ഉൾപ്പെടുത്തി എസ്‌ഐടി വിപുലീകരിച്ചപ്പോൾ ഇടം നേടിയ ഉദ്യോഗസ്ഥനാണിത്.
കഴിഞ്ഞ മാസം 11ന് ബെൽത്തങ്ങാടി പ്രിൻസിപ്പൽ സിവിൽ ജഡ്ജിയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റുമായ കെ. സന്ദേശ് മുമ്പാകെ ഹാജരായ പരാതിക്കാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് സാക്ഷി സംരക്ഷണ പരിധിയിലായി. തനിക്കും കുടുംബത്തിനും സംരക്ഷണം വേണം എന്ന നിബന്ധനയോടെയാണ് ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയായ ദലിതൻ വെളിപ്പെടുത്തൽ നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണിയുണ്ടായതോടെ സാക്ഷി സുരക്ഷ നഷ്ടമാവുകയാണ്.ഒപ്പം എസ്‌ഐടി നിഷ്പക്ഷതയെക്കുറിച്ച് പുതിയ ആശങ്കകളും ഉയരുന്നു.
മണിപ്പാൽ മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥിയായിരിക്കെ22 വർഷം മുമ്പ് ധർമ്മസ്ഥലയിൽ കൊല്ലപ്പെട്ട അനന്യയുടെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകൻ എൻ.മഞ്ചുനാഥാണ് പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷിയെ ഭീഷണിപ്പെടുത്തിയ വിവരം പുറത്ത് വിട്ടത്. ഇദ്ദേഹം നിയമപരമായി അന്വേഷണ സംഘത്തോട് ഒപ്പം ഉണ്ട്. വെള്ളിയാഴ്ച രാത്രി ബെൽത്തങ്ങാടിയിലെ എസ്ഐടി ക്യാമ്പിലാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്നാണ് അഭിഭാഷകൻ നൽകിയ പരാതിയിൽ പറയുന്നത്.
സാക്ഷിയെ സ്വകാര്യ മുറിയിലേക്ക് വിളിപ്പിച്ച ശേഷം അവിടെ വെച്ച് അറസ്റ്റ് ചെയ്യുമെന്നും ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പുറത്തുനിന്നുള്ള പ്രേരണക്ക് വിധേയമായാണ് വെളിപ്പെടുത്തൽ നടത്തിയത് എന്ന് മൊഴിതിരുത്താൻ സമ്മർദം ചെലുത്തിയാണ് ഇതെല്ലാം. ആദ്യ ആരോപണങ്ങൾ പിൻവലിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്യാൻ ഇൻസ്‌പെക്ടർ സാക്ഷിയോട് നിർദ്ദേശിച്ചതായും ആരോപണമുണ്ട്.