അസമിൽ ബംഗാളി വംശജരായ മുസ്‌ലിംകൾക്കെതിരെ വിദ്വേഷവും അക്രമവും വർധിക്കുന്നു: ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട്

ഈ പ്രചാരണത്തിന് നിയമസാധുത നൽകുന്നതിൽ അസം മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

Update: 2025-08-02 07:59 GMT
Advertising

അസം: അസമിൽ ബംഗാളി വംശജരായ മുസ്‌ലിംകൾക്കെതിരെ വിദ്വേഷവും അക്രമവും വർധിക്കുന്നതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള അഭിഭാഷക, ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട്. അസം സംസ്ഥാനത്തെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്കതിരായ വിദ്വേഷ പ്രസംഗങ്ങൾ, കുടിയൊഴിപ്പിക്കൽ, അക്രമ നടപടികൾ എന്നിവയുൾപ്പെടുത്തിയാണ് പുതിയ ഡാറ്റ ബ്രീഫ് പുറത്തിറക്കിയത്. ഈ പ്രചാരണത്തിന് നിയമസാധുത നൽകുന്നതിൽ അസം മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ജൂലൈ 9 നും 30 നും ഇടയിൽ അസമിലെ 14 ജില്ലകളിലായി ബംഗാളി മുസ്‌ലിംകൾക്കെതിരെ 18 റാലികളും പ്രതിഷേധങ്ങളും നടന്നതായി ഇന്ത്യ ഹേറ്റ് ലാബ് (IHL) റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടി (BJP) നേതാക്കളോ അനുയായികളോ സംഘടിപ്പിച്ചതോ പിന്തുണച്ചതോ ആയ ഈ പരിപാടികളിൽ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങൾ, അക്രമാസക്തമായ കുടിയൊഴിപ്പിക്കലുകളുടെ ആക്രോശങ്ങൾ എന്നിവ ഉണ്ടായിരുന്നു. പല സന്ദർഭങ്ങളിലും പ്രകടനക്കാർ പ്രതീകാത്മക ബുൾഡോസറുകൾ വഹിച്ചുകൊണ്ട് ഭരണകൂട അക്രമത്തെ ദേശസ്നേഹ പ്രവൃത്തിയായി മഹത്വപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ജൂലൈ 19 നും ജൂലൈ 30 നും ഇടയിൽ നടന്ന സംഭവങ്ങളിൽ ഒമ്പത് കേസുകൾ ഇന്ത്യ ഹേറ്റ് ലാബ് രേഖപ്പെടുത്തുന്നു. ചാപൈദാങ്ങിൽ, കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകിയെന്ന് ആരോപിച്ച് മുസ്ലീം തൊഴിലാളികളെ ശാരീരികമായി ആക്രമിക്കുകയും അവരുടെ വീടുകൾ നശിപ്പിക്കുകയും ചെയ്തതും അതിൽ ഉൾപ്പെടുന്നു. കാലിയബോറിൽ അസമീസ് വംശീയ-ദേശീയവാദ ഗ്രൂപ്പായ ബിർ ലചിത് സേനയിലെ അംഗങ്ങൾ മുസ്‌ലിം കുടുംബങ്ങൾ ബന്ധുക്കളോടൊപ്പം താമസിക്കുന്നതിൽ നിന്ന് തടഞ്ഞു. മരിയാനിയിൽ സംഘം ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളുടെ വീടുതോറുമുള്ള ഐഡി പരിശോധനകൾ നടത്ത രണ്ട് ദിവസത്തിനുള്ളിൽ പോലീസിന് രേഖകൾ സമർപ്പിക്കണമെന്ന് ഉത്തരവിട്ടു. ഗോലാഘട്ടിലെ ഡെർഗാവിൽ ഹിന്ദു ദേശീയവാദ ഗ്രൂപ്പായ സചേതൻ യുവ മഞ്ച ഒരു ഭൂവുടമയെ തന്റെ മുസ്‌ലിം താമസക്കാരെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തി. അത്തരം കുടിയൊഴിപ്പിക്കലുകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശത്തെ തുടർന്നാണെന്നും അവകാശപ്പെട്ടു.

കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരക്കണക്കിന് ബംഗാളി വംശജരായ മുസ്‌ലിം കുടുംബങ്ങളിൽ പൊളിച്ചുമാറ്റൽ, കുടിയൊഴിപ്പിക്കൽ നടപടികൾ നടന്നതായും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ജൂലൈ 8 ന് ദുബ്രിയിൽ മാത്രം 1,600 ൽ അധികം കുടുംബങ്ങളെ അദാനി ഗ്രൂപ്പിന്റെ താപവൈദ്യുത പദ്ധതിക്കായി കുടിയിറക്കി. ജൂലൈ 12 ന് ഗോൾപാറയിൽ 1,000 ത്തിലധികം വീടുകളും ഒരു പള്ളിയും പൊളിച്ചുമാറ്റി. തുടർന്ന് ജൂലൈ 17 ന് ഒഴിപ്പിക്കൽ ചെറുത്ത പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂലൈ 26 ന് വനഭൂമി വെട്ടിത്തെളിക്കുന്നതിന്റെ മറവിൽ ദിമാ ഹസാവോയിൽ ഒരു പള്ളി ഉൾപ്പെടെ പൊളിച്ചുമാറ്റി. ജൂലൈ 29 ന് ഉറിയംഘട്ടിൽ 250ലധികം വീടുകൾ തകർക്കപ്പെട്ടു.

ബംഗാളി വംശജരായ മുസ്‌ലിം സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ള എല്ലാ കുടിയൊഴിപ്പിക്കൽ, പൊളിക്കൽ നീക്കങ്ങളും അസമിലെ സംസ്ഥാന അധികാരികൾ ഉടൻ നിർത്തിവെക്കണമെന്നും കുടിയിറക്കപ്പെട്ട എല്ലാവർക്കും ഉചിതമായ നടപടിക്രമങ്ങളും പുനരധിവാസവും ഉറപ്പാക്കണമെന്നും പ്രസംഗത്തിലൂടെയോ പ്രവൃത്തിയിലൂടെയോ വിദ്വേഷം വളർത്തുകയോ വർഗീയ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന സംസ്ഥാന ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഉത്തരവാദിത്തപ്പെടുത്തണമെന്നും ഐഎച്ച്എൽ ആവശ്യപ്പെട്ടു. അസമിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായ പൊലീസിംഗിലൂടെയും പ്രോസിക്യൂഷനിലൂടെയും ബിർ ലചിത് സേന, സചേതൻ യുവ മഞ്ച തുടങ്ങിയ ജാഗ്രതാ ഗ്രൂപ്പുകളിൽ നിന്ന് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News